ബാഗ്ലൂർ: മൂന്നുവർഷം മുമ്പ് മരിച്ച വീട്ടമ്മ തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തുന്ന അതിഥികളെ സ്വീകരിക്കാൻ കാത്തിരിക്കുന്നു. ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ആ മധ്യവയസ്കയെ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അവർക്ക് ചലനമില്ലെന്നു കാണാം.
കാരണം അതൊരു സിലിക്കോൺ പ്രതിമയാണ്. മൂന്നു വർഷം മുമ്പ് ഒരു വാഹനാപകടത്തിൽ നഷ്ടമായ ഭാര്യയെ അവർ ഏറെ മോഹിച്ച ഗൃഹപ്രവേശന ചടങ്ങിൽ ഇരുത്താൻ ഭർത്താവ് കണ്ടെത്തിയ വഴിയായിരുന്ന ഭാര്യയുടെ രൂപത്തിലുള്ള ആ പ്രതിമ. കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തി എന്നയാളാണ് ജീവിതത്തിലെ ഒരു പ്രധാന നിമിഷത്തിൽ ഒപ്പമില്ലാത്ത ഭാര്യയുടെ വിയോഗം മറികടക്കാൻ ഈ വഴി തെരഞ്ഞെടുത്തത്.
2017 ൽ ഒരു വാഹനാപകടത്തിലാണ് മൂർത്തിക്ക് ഭാര്യയായ മാധവിയെ നഷ്ടമായത്. തിരുപ്പതിയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഇയാളുടെ രണ്ട് മക്കൾക്കും പരിക്കേറ്റിരുന്നു. എന്നാൽ മാധവിയുടെ മരണം കുടുംബത്തെ ആകെ തകർത്തു കളഞ്ഞു. തുടർന്നാണ് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായ പുതിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രീനിവാസ മൂർത്തി ഇറങ്ങിത്തിരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപത്തിയഞ്ചോളം ആർക്കിടെക്ടുമാരെ കണ്ടു.
ഭാര്യയുടെ ഓർമ്മയ്ക്കായി നിർമ്മിക്കുന്ന ഈ ബംഗ്ലാവിൽ അവർക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന ഇയാളുടെ ആഗ്രഹത്തിനൊത്തുയരാൻ ഇവർക്ക് ആർക്കും കഴിഞ്ഞില്ല. ഒടുവിൽ ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം മഹേഷ് രങ്കണ്ണദവരു എന്ന ആർക്കിടെക്റ്റിന്റെ അരികിലെത്തി. മാധവിയുടെ അതേ രൂപത്തിലും വലിപ്പത്തിലും ഉള്ള പ്രതിമ വീട്ടിൽ സ്ഥാപിക്കാമെന്ന നിർദേശം ഇയാളാണ് മുന്നോട്ട് വച്ചത്.
മഹേഷ് തന്നെയാണ് ബംഗളൂരുവിലെ ഏറ്റവും മികച്ച പാവ നിർമ്മാതാക്കളായ ഗോംബെ മനെയുടെ സേവനം ഏർപ്പാടാക്കി തന്നതും. നിരാശനാകേണ്ടി വരില്ലായെന്ന് ഉറപ്പു ലഭിച്ചതോടെ ഒരു വർഷം മുമ്ബാണ് ഭാര്യയുടെ രൂപത്തിലെ പാവ നിർമ്മിക്കാൻ അവരെ ഏൽപ്പിച്ചത്. മാധവിയുടെ നിരവധി ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നുവെന്ന് ശ്രീനിവാസ് പറയുന്നു.