ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പതായി ഉയര്‍ന്നു. അതെസമയം സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. കനത്ത സുരക്ഷ സന്നാഹം എല്ലായിടത്തും തുടരുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞയില്‍ ഇളവ് നല്കി.
അതേ സമയം പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. അതിനിടെ ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്എന്‍ ശ്രീവാസ്തവയെ നിയമിച്ചു. നിലവില്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണറായിരുന്നു എസ്എന്‍ ശ്രീവാസ്തവ.
നിലവിലെ കമ്മീഷണര്‍ അമൂല്യ പട്നായിക് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്. ജനുവരിയില്‍ കാലാവധി അവസാനിച്ച അമൂല്യ പട്നായികിന് ഒരു മാസം സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്കിയതായിരുന്നു. എന്നാല്‍ കലാപം കൈകാര്യം ചെയ്ത രീതിയില്‍ അമൂല്യ പട്നായിക്കിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൂടാതെ വനിത കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ്മ കലാപത്തിന് ഇരകളായവരെ കണ്ടു.