തളിപ്പറമ്പ്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. തലശ്ശേരി സെക്ഷനിലെ മസ്ദൂര്‍ ആയ മംഗലശശ്ശേരി ചാലത്തൂരിലെ പിപി രാജീവന്(42) ആണ് മരിച്ചത്. തൃച്ചംബരം ക്ഷേത്രചിറയ്ക്കു സമീപം ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. വൈദ്യുതി തൂണിനു താഴെ നിന്ന് പഴയ വൈദ്യുതി കമ്പികള്‍ മാറ്റി പുതിയവ കെട്ടുന്നതിനിടെ രാജീവന് ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചു വീണ രാജീവനെ മറ്റു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വൈദ്യുതി വിച്ഛേദിച്ചാണ് ജോലി ചെയ്തിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് അറിയാന്‍ ഇലക്ട്രിസിറ്റി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.
പരേതനായ റിട്ട. പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ ദിവ്യ. അഭിനന്ദ്, ഋതുല്‍ എന്നിവരാണ് മക്കള്‍