ന്യൂഡല്‍ഹി; കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹി നിന്ന് കത്തുകയാണ്. വീടുകള്‍ക്കും മറ്റും ബോംബെറിഞ്ഞും വെടിയുതിര്‍ത്തും കലാപകാരികള്‍ രാജ്യതലസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കലാപത്തിന്റെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. ഇതുവരെ 35 പേരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ ഡല്‍ഹിയില്‍ നിന്നും മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. അയല്‍ക്കാരായ മുസ്ലിങ്ങളെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ഭാഗല്‍ എന്നയാള്‍ മരണത്തോട് മല്ലിടുകയാണ്. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമീപമുള്ള മുസ്ലിം കുടുംബത്തിന്റെ വീട് കത്തിച്ചത് കണ്ടാണ് പ്രേംകാന്ത് ഓടിയെത്തിയത്. ആ സമയം കലാപകാരികള്‍ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
ഒട്ടും മടിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രേംകാന്ത് കത്തുന്ന വീട്ടിലേക്ക് ഓടിക്കയറി ആറു പേരുടെയും ജീവന് രക്ഷിച്ചു. എന്നാല്‍, വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടയില്‍ പ്രേംകാന്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ പ്രേംകാന്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ല. ഒരു രാത്രി മുഴുവന്‍ പൊള്ളലേറ്റ ശരീരവുമായി വീട്ടില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത് കൂടിയായിരുന്നു. രാവിലെയാണ് പ്രേംകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.