ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഇടുക്കിയിലാണ് ഈ ദാരുണ സംഭവം നടന്നത്. കുരുവിളസിറ്റി മുണ്ടോംകണ്ടത്തില്‍ റെജിമോന് (52) ആണ് ജ്യേഷ്ഠ സഹോദരന്റെ വെട്ടേറ്റ് മരിച്ചത്. മരിച്ച റെജിമോനും സഹോദരന് സജീവനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരും സ്വത്തിന്റെ പേരില്‍ വഴക്കായി. തുടര്‍ന്ന് റെജിമോന് സജീവന്റെ മരുമകന് ശ്യാം മോഹനെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. തന്റെ മരുമകനെ റെജിമോന് മര്‍ദ്ദിച്ച വിവരം അറിഞ്ഞ് സജീവന് ശ്യാമിനെയും കൂട്ടി ഇത് ചോദിക്കാന്‍ റെജിമോന്റെ വീട്ടിലെത്തിയിരുന്നു.
തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം സംഘര്‍ഷമായതോടെ വാക്കത്തി കൊണ്ട് റെജിമോനെ സജീവന് വെട്ടുകയായിരുന്നു. സംഭവത്തില്‍ റെജിമോന്റെ മകളുടെ ഭര്‍ത്താവ് സ്റ്റെബിനും വെട്ടേറ്റു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ റെജിമോനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സ്റ്റെബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്യാമിനെയും സജീവനെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.