വയനാട്: രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന് വയനാട് എംപി രാഹുല്‍ ഗാന്ധി പിന്തുണ നല്‍കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
വയനാട്ടില്‍ നിന്നുള്ള സംഘം രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
കെസി വേണുഗോപാല്‍, എംകെ രാഘവന് എംപി, ഐസി ബാലകൃഷ്ണന് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധം ആരംഭിച്ചത്. അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്.
ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്കിയ ഹര്‍ജി പരിഗണിക്കവേ നിരോധനം പകലും കൂടി നീട്ടാമോയെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു.
നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിര്‍ദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.