ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്ല റാഷിദിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് ഷെഹ്ലയ്ക്കെതിരെ കേസെടുത്തത്.
ഇന്ത്യന്‍ സൈന്യത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന് കുമാര്‍ ജെയിന് പറഞ്ഞു. കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണനയ്ക്ക് എടുക്കും.
അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ അന്വേഷണവുമായി ഷെഹ്ല പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഷെഹ്ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കാശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്ലയും പ്രതികരിച്ചു.