ശ്രീനഗര്‍: 28,000 അര്‍ധസൈനികരെ വ്യാഴാഴ്ച രാത്രി കാശ്മീര്‍ താഴ് വരയില്‍ വിന്യസിച്ചുതുടങ്ങി. ഇതിന് പിന്നിലുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കാനും ക്രമസമാധാനം സംരക്ഷിക്കാനുമായി 10,000 അര്‍ധസൈനികരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ ഏതാനും ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു.
തിടുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയേറെപ്പേരെ വിന്യസിക്കാനുള്ള കാരണം വ്യക്തമല്ല. ശ്രീനഗറിലെ പ്രശ്നബാധിത മേഖലകളിലും താഴ്വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. സംഘത്തിലേറെയും സിആര്‍പിഎഫുകാരാണ്. സൈനികരെ വിന്യസിച്ചതും ക്രമസമാധാനനില തകരാനുള്ള സാധ്യതയും മുന്‍കൂട്ടിക്കണ്ട് നാട്ടുകാര്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചുതുടങ്ങി.
വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം വേനലവധിക്കായി വ്യാഴാഴ്ച അടച്ചു. കാവല്നില്ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര്‍ ലക്ഷ്യംവെക്കുന്നു എന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്ന് ചില ആരാധനാലയങ്ങളുടെ സുരക്ഷ നേരത്തെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.