കൊല്ലം: മിതമായ നിരക്കില്‍ സദ്യയൊരുക്കി എന്നും മാതൃകയാണ് ജയില്‍ വകുപ്പ്. സ്വാദേറിയ ‘ജയില്‍ ഫ്രീഡം ഫുഡ്’ ന് ഇപ്പോള്‍ ആവശ്യക്കാര്‍ നിരവധിയാണ്. ജില്ലാ ജയിലിന്റെ കോംബോ പാക്കിനാണ് ഇപ്പോള്‍ വന്‍ ഡിമാന്റ്. അതിനാല്‍ സ്വാദേറിയ ജയില്‍ കോംബോ ഫുഡ് ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിരിക്കുകയാണ് കൊല്ലം ജില്ലാ ജയില്‍ അധികൃതര്‍.
ഫ്രീഡം ഫുഡ് കോംബോ എന്ന പേരിലാണു ഭക്ഷണ വിതരണം. ചിക്കന്‍ ബിരിയാണി (500 ഗ്രാം), 3 ചപ്പാത്തി, 150 ഗ്രാം ചിക്കന്‍ കറി, മധുരത്തിന് കാരറ്റ് ഹല്‍വ അല്ലെങ്കില്‍ കിണ്ണത്തപ്പം ഒപ്പം ഒരു ലിറ്റര്‍ കുപ്പിവെള്ളം എന്നിവയടങ്ങിയ കൊല്ലം ജയിലിന്റെ കോംബോ പാക്കിന്റെ വില 125 രൂപയാണ്. ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജയിലാണ് കൊല്ലം ജില്ല ജയില്‍.
‘ജയില്‍ ഫ്രീഡം ഫുഡ്’ ഓണ്‍ലൈന്‍ ഭക്ഷ്യ ശ്യംഖലയുടെ ഭാഗമാക്കുന്ന പരിപാടി ജയില്‍ ഡിഐജി എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ‘സ്വിഗി’ എന്ന ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്വിഗി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ‘ഫ്രീഡം ഫുഡ് ഫാക്ടറി’ എന്നു ടൈപ്പ് ചെയ്താല്‍ കോംബോ പായ്ക്കിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്യാം.