തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇന്നു തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് തീരുമാനം.
പ്രതികളുടെ വീടുകളില്‍ പരിശോധന നടത്താന്‍ പോലീസ് നിയമ സാധ്യത തേടുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കണ്ടാല്‍ തിരിച്ചറിയാവുന്ന പ്രതികളിലൊരാളായ ഇജാബിനെ പോലീസ് പിടികൂടി. നേമത്തെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി അച്ഛന് ചന്ദ്രന് വെളിപ്പെടുത്തി. പ്രതികള്‍ നഗരത്തില്‍ തന്നെ ഉള്ളതായാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം, അഖിലിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുമതി നിഷേധിച്ചു.