പനാജി; ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേകര്, ജെന്നിഫര്‍ മോണ്‍സെരാട്ടെ, ഫിലിപെ നെരി റോഡ്രിഗസ് എന്നിവരും ഡെപ്യൂട്ടി സ്പീക്കറായിരുന്ന മൈക്കല്‍ ലോബോയുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ചന്ദ്രകാന്ത് കവ്ലേകര് ഉപമുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഗോവ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഘടകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരെയും
സ്വതന്ത്ര അംഗവും റവന്യൂ മന്ത്രിയുമായ റോഹന്‍ ഖൗണ്ടെയും ഒഴിവാക്കിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
മന്ത്രിമാരെ പുറത്താക്കിയ നടപടിയില്‍ ജിഎഫ്പി അംഗവും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ വിജയ് സര്‍ദേശായി രൂക്ഷമായ വിമര്‍ശിച്ചു. 2017 ഫെബ്രുവരിയില്‍ സര്‍ക്കാരുണ്ടാക്കിയ അന്നുമുതല്‍ പിന്തുണച്ച തങ്ങളെ ബിജെപി പിന്നില്‍ നിന്ന് കുത്തിയെന്ന് സര്‍ദേശായി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കെറിയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.
ചന്ദ്രകാന്ത് കവാലേക്കര്, ബാബുഷ് മോണ്‍സെറാറ്റ്, ഭാര്യ ജെന്നിഫര്‍ മോണ്‍സെറേറ്റ്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലഫാസിയോ, വില്‍ഫ്രഡ് ഡി സാ, നീലകാന്ത് ഹാലങ്കര്, ഇസിഡോര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഗോവയില്‍ ആകെ 15 എംഎല്‍എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ നിന്നും പത്ത് പേരാണ് ബിജെപി പാളയത്തിലേക്ക് പോയത്. ഇതോടെ 40 അംഗ ഗോവ നിയമസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 27 അംഗങ്ങളായി. കോണ്‍ഗ്രസ് അഞ്ച് പേരിലേക്ക് ചുരുങ്ങി.