ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു അക്രമികള്‍ കുട്ടികളെ തല്ലി ചതച്ചത്. മര്‍ദ്ദനത്തില്‍ കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ ജയ് ശ്രീറാം എന്നും വിളിക്കണമെന്ന ഭീഷണിയും അക്രമികള്‍ ഉയര്‍ത്തിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നത്. ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് ഇരയായത്. കണ്ടാലറിയാവുന്ന നാലുയുവാക്കളും തീവ്രവലത് സംഘടനയിലെ ആളുകളുമാണ് അക്രമണത്തിന് പിന്നിലെന്ന് മദ്രസയിലെ അധ്യാപകന് ആരോപിച്ചു.
സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞ് ആയിരുന്നു ആക്രമണം. വിദ്യാര്‍ത്ഥികളുടെ സൈക്കിളും അക്രമികള്‍ തല്ലി തകര്‍ത്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മദ്രസ, ജുമാ മസ്ജിദ് അധികൃതര്‍ ആവശ്യപ്പെട്ടു.