ന്യൂഡല്‍ഹി: ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകന് അജ്ഞാതസംഘത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സ്വദേശിയായ മോഹിത് മോര്(27)ആണ് കൊല്ലപ്പെട്ടത്.13 ബുള്ളറ്റുകള്‍ മോഹിതിന്റെ ശരീരത്തില്‍ തുളച്ചുകയറിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ഡല്‍ഹി ധര്മ്മപുരയിലായിരുന്നു സംഭവം.
ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചുനില്ക്കുകയായിരുന്നു മോഹിത്. അതിനിടെ കറുത്ത മുഖംമൂടി അണിഞ്ഞ് എത്തിയ മൂന്നംഗസംഘം മോഹിതിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം ബൈക്കുകളിലെത്തിയ സംഘം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഡല്‍ഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോര് ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തനായത്. അഞ്ചുലക്ഷത്തിലധികം പേരാണ് ടിക് ടോകില്‍ മോഹിത് മോറിനെ പിന്തുടരുന്നത്.