ന്യൂഡല്‍ഹി: ഗോദ്ര കലാപത്തിന് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആഭ്യന്തരമന്ത്രിയായിരുന്ന എല്‍കെ അദ്വാനി അദ്ദേഹത്തെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നെന്നും മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് വെളിപ്പെടുത്തിയത്.
2002ലായിരുന്നു ഗോദ്ര കലാപം. ”വര്‍ഗീയ കലാപത്തിന് ശേഷം ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നരേന്ദ്ര മോഡി രാജിവെക്കണമെന്ന തീരുമാനത്തിലേക്കാണ് വാജ്പേയ് എത്തിയത്. ഗോവയില്‍ വെച്ച് നടന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും വാജ്പേയ് ഇക്കാര്യം പറഞ്ഞിരുന്നു. മോഡി രാജിവെക്കാന്‍ വിസമ്മതിച്ചാല്‍ ഗുജറാത്ത് സര്‍ക്കാരിനെ പിരിച്ചുവിടാനും വാജ്പേയ് ആലോചിച്ചിരുന്നുവെന്നുമാണ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍.
തനിക്ക് ലഭിച്ച വിവരം അനുസരിച്ച്, അന്ന് പാര്‍ട്ടിയുടെ ഉന്നതതല യോഗം നടന്നിരുന്നു. എന്നാല്‍ ആ യോഗത്തില്‍ മോഡിക്കെതിരായ നീക്കത്തെ അദ്വാനി ശക്തമായി എതിര്‍ത്തു. മോഡിയെ പുറത്താക്കിയാല്‍ താന്‍ രാജി വെക്കുമെന്നും അദ്വാനി ഭീഷണി ഉയര്‍ത്തി. ഇതോടെ വാജ്പേയ് തന്റെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.