കോഴിക്കോട്: അറബിയില്‍ മന്ത്രം ചൊല്ലും, ശേഷം തലമുടി നഖം എന്നിവയില്‍ പ്രത്യേക പൂജയും നടത്തും. വ്യാജ മാന്ത്രിക ചികിത്സ നടത്തി നിരവധി പേരില്‍ നിന്നും പണം തട്ടിയ വ്യാജ വൈദ്യന് ഒടുവില്‍ പോലീസ് പിടിയില്‍. വയനാട് പേര്യ സ്വദേശിയായ കളരിത്തൊടി ഉസ്മാന് ഹാജി മുസ്ല്യാരാണ് വടകരയില്‍ വെച്ച് സിഐ എംഎം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ജോലി, ഭൂമികച്ചവടം, വിവാഹം, വിവാഹമോചനം, തുടങ്ങി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് പറഞ്ഞ് പറ്റിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. അറബിമാന്ത്രികത്തിന്റെ അനുഭവസാക്ഷ്യം എന്നൊക്കെ വിശേഷണം നല്കി ഇയാള്‍ തന്റെ പരസ്യവും ചാനലുകളില്‍ നല്‍കിയിട്ടുണ്ട്. പരസ്യം കണ്ട് വിളിക്കുന്നവരോട് തലമുടി, നഖം എന്നിവയില്‍ പ്രത്യേക പൂജ നടത്തണമെന്നും ഇതിനായി ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കണമെന്നും ആവശ്യപ്പെടും.
ഇത്തരത്തിലുള്ള വ്യാജ ചികിത്സയ്ക്കായി കുറഞ്ഞത് പതിനായിരം രൂപയാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. വടകര സ്വദേശിയായ യുവതിയുടെ ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തുകയായിരുന്നു. വയനാട് റിസോര്‍ട്ടില്‍ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചികിത്സകര്‍ എന്ന വ്യാജേന എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്.
2000 മുതലാണ് ഇയാള്‍ തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറയുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്,എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. നിരവധി പേരില്‍ നിന്നായി ഇയാള്‍ ഏഴുകോടിയോളം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. അഞ്ച് ജില്ലകളിലായി സാന്ത്വനം പാലിയേറ്റീവ് സെന്റര്‍ എന്ന പേരില്‍ ഓഫീസും ഈഗിള്‍ ഐ പേരില്‍ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയും ഇയാള്‍ നടത്തിയിരുന്നു.
തട്ടിപ്പ് വഴി ലഭിച്ച പണം ഉപയോഗിച്ച് വയനാട് ബാണാസുര സാഗറിന് സമീപം റിസോര്‍ട്ടും എരുമേലിയില്‍ ചന്ദനത്തിരി നിര്‍മ്മാണ ഫാക്ടറിയും ഇയാള്‍ കെട്ടിപ്പടുത്തു. മലപ്പുറത്തും വയനാട്ടിലുമായി ഇയാള്‍ രണ്ട് ഭാര്യമാരുണ്ട്. ഇവരില്‍ ആറുമക്കളുമാണുള്ളത്. ഭാര്യമാരുടെ പേരില്‍ വീടും സ്ഥലവും വാങ്ങിയിട്ടുണ്ട്.