ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ മിഷന് ശക്തി തകര്‍ത്തത് 2019 ജനുവരി 24 ന് വിക്ഷേപിച്ച മൈക്രോസാറ്റ് ആര്. ഇന്ത്യ ബുധനാഴ്ച നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനായാണ് മൈക്രോസാറ്റ് ആര് എന്ന ഉപഗ്രഹം തകര്‍ത്തത്. മൈക്രോസാറ്റ് ആര് ഐഎസ്ആര്‍ഒയുടെ സി 44 ദൗത്യത്തില്‍ വിക്ഷേപിച്ചതാണ്.
ഡിആര്‍ഡിഒ നിര്‍മ്മിച്ച സൈനിക ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി രഹസ്യമാക്കിവെച്ചിരിക്കുയായിരുന്നു. ഐഎസ്ആര്‍ഒയും ഇത് വിക്ഷേപിക്കുന്ന സമയത്ത് ഇതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കുട്ടികളുടെ ഉപഗ്രഹമായ കലാംസാറ്റ് വി2 മാത്രമാണ് ഇതിനൊപ്പം വിക്ഷേപിച്ചിരുന്നത്. ആ സമയത്ത് ഐഎസ്ആര്‍ഒ ഇമേജിങ്ങ് സാറ്റലൈറ്റ് എന്നുമാത്രമാണ് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നത്.
760 കിലോ ഭാരമാണ് മൈക്രോസാറ്റ് ആര് എന്ന ഉപഗ്രഹത്തിന് ഉള്ളത്. ഇത് 274 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു വിന്യസിച്ചത്. സാധാരണ ഒരു ഉപഗ്രഹം വിക്ഷേപിച്ചാല്‍ ഭ്രമണപഥം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ മൈക്രോസാറ്റ് ആറിന്റെ കാര്യത്തില്‍ അതും ചെയ്തിട്ടില്ല.
ഉപഗ്രഹവേധ മിസൈല്‍ മിഷന് ശക്തി ഇന്ത്യ പരീക്ഷിച്ചത് ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലാണ്. ബഹിരാകാശ മാലിന്യം പരമാവധി കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്തത് എന്നാണ് വിശദീകരണം. അമേരിക്കയിലെ ഹാര്‍വാഡ് സ്മിത്സോണിയന് സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞനായ ജൊനാഥന് മക്ഡവലിന്റെ നിരീക്ഷണവും ഇതുശരിവെക്കുന്നതാണ്.
ഇന്ത്യ ഉപയോഗിച്ച മിസൈലില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നില്ല. മണിക്കൂറില്‍ 29,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹത്തില്‍ അതിവേഗത്തില്‍ മറ്റൊരു വസ്തു വന്നിടിക്കുമ്പോഴുണ്ടാകുന്ന ആഘാതം സ്ഫോടകവസ്തുക്കള്‍ വഹിക്കുന്നതിനെക്കാള്‍ വലുതായിരിക്കും. അതുകൊണ്ടുതന്നെ ഇതില്‍ ബോംബ് ഘടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു.
ഉപഗ്രഹം കൂട്ടിയിടി ഉണ്ടാക്കിയ ആഘാതത്തില്‍ ചെറുകഷണങ്ങളായി മാറിയിട്ടുണ്ടാകും എന്നും ഇത് ഏതാനും ആഴ്ചകള്‍ക്കകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ച് എരിഞ്ഞടങ്ങാനാണ് സാധ്യതയെന്നും ജൊനാഥന് മക്ഡവല്‍ പറയുന്നു.