കോഴിക്കോട്: വളരെ അപൂര്‍വ്വമായ ശിംശപാവൃക്ഷം കോഴിക്കോട് എരഞ്ഞിപ്പാലത്ത് പൂവിട്ടു. എരഞ്ഞിപ്പാലം തായാട്ട് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മണ്ടിലേടത്ത് പറമ്പില്‍ ടി പ്രശാന്ത്കുമാറിന്റെ വീട്ടിലാണ് ശിംശപാവൃക്ഷത്തിന്റെ തൈ പൂവിട്ടു നില്‍ക്കുന്നത്.
അശോകം ഉള്‍പ്പെടുന്ന സിസാല്‍പിനേസിയേ കുടുംബത്തില്‍പെടുന്ന ഒരു ചെടിയാണ് ശിംശപാവൃക്ഷം. ആംഹേസ്റ്റിയ നൊബില്സ് എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയനാമം. ഇത് 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. മുഖ്യദളത്തിനു ചുറ്റുമായി ധാരാളം ചെറുദളങ്ങള്‍ ചേര്‍ന്ന വ്യത്യസ്ത രൂപമാണ് ഇതിന്റെ പൂവിന്. ഇവ ഓറഞ്ച്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളുടെ സങ്കരമാണ്.
ഈ ചെടിയുടെ ശാഖകള്‍ക്ക് താഴേയ്ക്ക് ഒതുങ്ങിയ പ്രകൃതമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇവ പൂവിടുക. ഇലകള്‍ സാധാരണപോലെ പച്ചയും തളിരിലകള്‍ തവിട്ടുനിറവുമാണ്. മ്യാന്മാര് ആണ് ഈ ചെടിയുടെ ജന്മദേശം. അതിനാല്‍ പ്രൈയ് ഓഫ് ബര്‍മ എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്.
രാമായണത്തില്‍ ശിംശപാ വൃക്ഷത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. രാവണന്റെ അശോകവനിയില്‍ ദുഃഖിതയായ സീതാദേവി ഇരിക്കുന്നത് ശിംശപാവൃക്ഷച്ചുവട്ടിലാണ്.
പ്രശാന്ത്കുമാര്‍ ആറു വര്‍ഷം മുന്‍പ് നാഗര്‍കോവിലില്‍ നിന്നു കൊണ്ടുവന്നാണ് തൈ നട്ടുവളര്‍ത്തിയത്. വൈവിധ്യമാര്‍ന്ന ചെടികളുടെ സംരക്ഷകനാണ് പ്രശാന്ത്കുമാര്‍. തിരുവനന്തപുരത്തുള്ള നഴ്സറിയില്‍ നിന്ന് ഏഴു വര്‍ഷം മുന്‍പ് കൊണ്ടുവന്നു നട്ട കലാബാഷ് മരവും ഇവിടെ കായ്ച്ചു നില്പുണ്ട്. തിരുവട്ടക്കായ എന്നാണ് ഇതിന്റെ കായ അറിയപ്പെടുന്നത്.