കോട്ടയം: മാരക രോഗമായ കാന്‍സറിനെയും ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന ക്വര്സെറ്റിന് ഉത്പാദിപ്പിക്കുന്ന പുതിയ ഫംഗസിനെ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയായ അശ്വഗന്ധ ചെടിയില്‍നിന്നാണ് ‘പെനിസിലിയം സീറ്റോസം’ എന്ന് പേരിട്ടിരിക്കുന്ന ഫംഗസിനെ കണ്ടെത്തിയത്.
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ സ്കൂള്‍ ഓഫ് ബയോസയന്‍സസിലെ മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകവിദ്യാര്‍ഥിനി ടിജിത്ത് കെ ജോര്‍ജ്, അധ്യാപകരായ പ്രൊഫ. എംഎസ് ജിഷ, അസോസിയേറ്റ് പ്രൊഫസര്‍ ലിനു മാത്യു എന്നിവരാണ് ഗവേഷണം നടത്തിയത്.
സസ്യങ്ങളില്‍ മാത്രം കാണുന്നതും ബാക്ടീരിയയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമാണ് ക്വര്സെറ്റിന്. ജൈവ തന്മാത്രകള് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് പെനിസിലിയം സീറ്റോസം. വ്യാവസായികാടിസ്ഥാനത്തില്‍ ആന്റിബയോട്ടിക്കുകളും ഓര്‍ഗാനിക് ആസിഡുകളും എന്‍സൈമുകളും ഉത്പാദിപ്പിക്കാന്‍ കഴിവുള്ളവയാണ് പെനിസിലിയം ജനുസില്‍പ്പെട്ട കുമിളുകള്‍.
നെതര്‍ലന്‍ഡിലെ വെസ്റ്റര്ഡിക് ഫംഗല്‍ ബയോഡൈവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ജോസ് ഹുബ്രാക്കനുമായി ചേര്‍ന്നാണ് താരതമ്യപഠനം നടത്തിയത്. താരതമ്യപഠനത്തില്‍ മെക്സിക്കോ, തായ്ലന്ഡ് എന്നിവിടങ്ങളിലെ മണ്ണില്‍ സമാന ഫംഗസിന്റെ സാന്നിധ്യവും കണ്ടെത്തി. മൈക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ചൈനയുടെ രാജ്യാന്തര ജേര്‍ണലായ മൈക്കോളജിയില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.