തിരുവനന്തപുരം: പ്രളയദുരിതം ബാധിച്ചവര്‍ക്കായി കുടുംബശ്രീയുടെ സഹായവായ്പാ 200 കോടി കവിഞ്ഞു. ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കായാണ് കുടുംബശ്രീ വഴി ബാങ്കുകള്‍ പലിശരഹിത വായ്പ നല്‍കുന്നത്. പ്രളയത്തില്‍പ്പെട്ട കുടുംബങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴി ഒരു ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്.
പലിശ സംസ്ഥാന സര്‍ക്കാരാണ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് 22,736 അയല്‍ക്കൂട്ടങ്ങളില്‍നിന്നും 1,43,002 കുടുംബങ്ങള്‍ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 4,231 അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 25,974 കുടുംബങ്ങള്‍ക്കായി ഇതുവരെ 205.18 കോടി ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കി.
പ്രളയദുരിതം ബാധിച്ച പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന് പറഞ്ഞു. കുടുംബശ്രീ വഴി ഷെഡ്യൂള്‍ഡ് ബാങ്കുകളും സഹകരണ ബാങ്കുകളുമാണ് വായ്പകള്‍ നല്‍കുന്നത്.
ആദ്യത്തെ ഒമ്പതുമാസം വായ്പ തിരിച്ചടയ്ക്കണമെന്നില്ല. വായ്പയുടെ പലിശ ഒമ്പതു ശതമാനമാണ്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കും. എന്നാല്‍, വായ്പ തിരിച്ചടപ്പിക്കാനുള്ള ഉത്തരവാദിത്തം അയല്ക്കൂട്ടങ്ങള്ക്കാണെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞനിരക്കില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്ന ഡിസ്കൗണ്ട് കാര്‍ഡ് പദ്ധതിക്കും തുടക്കമായി. 40 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഗൃഹോപകരണങ്ങളും മറ്റു അനുബന്ധ വസ്തുക്കളും ലഭ്യമാക്കുന്നതിനാണ് ഡിസ്കൗണ്ട് കാര്‍ഡുകള്‍. പ്രളയബാധിതരായ ഗുണഭോക്താക്കള്‍ തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കമ്പനിയെ സമീപിക്കുന്നതെന്ന് കുടുംബശ്രീ മിഷന് ഉറപ്പാക്കും. ഇതിനായി ഹോളോഗ്രാം പതിച്ച ഡിസ്കൗണ്ട് കാര്‍ഡ് നല്‍കും.