കൊച്ചി: ഓര്‍ക്കാനിഷ്ടമില്ലാത്ത മഹാപ്രളയം, എന്നാല്‍ അഭിന്റെ കുഞ്ഞുമുഖത്തേക്ക് നോക്കുമ്പോള്‍ രജനിയുടെ മനസിലേക്ക് ഭീകരനിമിഷങ്ങള്‍ ഓടിയെത്തും, അവന്റെ കുഞ്ഞു ചിരിയില്‍ എല്ലാം അലിഞ്ഞില്ലാതാകും.
പ്രളയജലം എരുമേലിക്കടുത്തെ ഏഞ്ചല്‍വാലി എന്ന ഗ്രാമത്തെ വിഴുങ്ങുമ്പോള്‍ മുട്ടുമണ്ണില്‍ റെജി റോസമ്മ ദമ്പതികളുടെ മകള്‍ രജനി പ്രസവവേദനയില്‍ പുളയുകയായിരുന്നു. ഓഗസ്റ്റ് 29 ആയിരുന്നു പ്രസവത്തിനുള്ള തീയ്യതി.
ഭര്‍ത്താവ് അനീഷിന്റെ നാടായ റാന്നിയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു രജനിയുടെ ഗര്‍ഭകാല ചികില്‍സ. 20 ന് ആശുപത്രിയില്‍ പോകാം എന്നു കരുതിയ രജനിക്ക് പിന്നെല്ലാം പിടിവിട്ടുപോയി. ഓഗസ്റ്റ് 15 ന് വെള്ളം നിറഞ്ഞ് ഏഞ്ചല്‍വാലി ഒറ്റപ്പെട്ടപ്പോള്‍, ശ്വാസതടസവും പുറംവേദനയുമായി രജനി പിടയുകയായിരുന്നു.
സഹായിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും ഒരു പോലെ വിഷമിച്ചു. വീടുകളുടെ പൊക്കത്തില്‍ നിറഞ്ഞൊഴുകുന്ന വെള്ളത്തില്‍ എന്തു ചെയ്യാന്‍. വൈദ്യുതിയില്ല, നടന്നുപോകാന്‍ മറ്റ് വഴികളില്ല, മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി. ഗ്രാമം ഒറ്റപ്പെട്ട വിവരം റവന്യു വിഭാഗം റിപ്പോര്‍ട്ട് ചെയ്തതോടെ നേവിയുടെ ഹെലികോപ്റ്റര്‍ എത്താമെന്ന ഉറപ്പ് ലഭിച്ചു.
ഏഞ്ചല്‍വാലി സെന്റ് മേരീസ് സ്കൂളിന്റെ മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മൈതാനത്തിനു സമീപത്തെ മരശിഖരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് നേവി നിര്‍ദേശിച്ചു. നാട്ടുകാര്‍ രാത്രി തന്നെ അതും നടപ്പാക്കി.
16 ന് പ്രളയമേഖലകളില്‍ സാധന സാമഗ്രികളുമായി എത്തിയ ഹെലികോപ്റ്റര്‍ രജനിയുമായി പറക്കാന്‍ തയ്യാറായി എത്തി. ഉദരത്തിലുള്ള കുരുന്നിനെ താങ്ങിപ്പിടിച്ച് ഹെലികോപ്റ്ററില്‍ കയറാന്‍ എത്തിയ രജനി പെട്ടെന്ന് കുഴഞ്ഞു വീണു. തലയുടെ പിന്‍വശം അടിച്ചുവീണ രജനിയുടെ ബോധം നഷ്ടമായി. അനക്കമില്ലാതെ കിടക്കുന്ന രജനിയെ കോരിയെടുത്ത് ഹെലികോപ്റ്റര്‍ കുതിക്കുമ്പോള്‍ അതിനുള്ളില്‍ ശുശ്രൂഷയ്ക്കായി ഡോക്ടറും പൊട്ടിക്കരഞ്ഞ് അമ്മയും ഒപ്പമുണ്ടായിരുന്നു. താഴെ ആദ്യമായി നാട്ടിലിറങ്ങുന്ന ഹെലികോപ്റ്റര്‍ കാണാനെത്തിയ നൂറുകണക്കിനാളുകളുടെ പ്രാര്‍ഥനയും.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് മൈതാനത്ത് ഇറക്കിയ രജനിയെ പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രജനിയുടെ ഭര്‍ത്താവ് അനീഷിന്റെ വീട് റാന്നിയിലാണ്. രജനിയെ ഹെലികോപ്റ്ററില്‍ കയറ്റുമ്പോള്‍ അനീഷ് റാന്നിയിലെ വീട്ടില്‍ പ്രളയത്തിനു നടുവിലായിരുന്നു. ഫോണ്‍ വഴി പോലും വിവരങ്ങള്‍ അറിയാന്‍ സാധിക്കാതിരുന്ന അനീഷിന് രജനിയ്ക്കടുത്ത് എത്താനായത് 19 നാണ്, വെള്ളം ഇറങ്ങിക്കഴിഞ്ഞ്!
23 വരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രജനിയെ ഓണത്തിരക്കുമൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി, 24 ന് സുഖപ്രസവം, കുഞ്ഞുചിരിയുമായി പ്രളയത്തെ അതിജീവിച്ച് ആണ്‍കുഞ്ഞ് പിറന്നു. വിളിക്കാന്‍ മനസിലുറപ്പിച്ച പേര് അവര്‍ വിളിച്ചു, അഭിന്‍.