ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പേരില്‍ എഴുതിയ വ്യാജ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍. ബംഗളൂരു മാനേജ്മെന്റ് കോളജ് ഡയറക്ടര്‍ ഹരികൃഷ്ണ മാരം ആണ് അറസ്റ്റിലായത്. ഡല്‍ഹി സൈബര്‍ ക്രൈം സെല്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി നല്കിയ കേസിലാണ് അറസ്റ്റ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംബന്ധിച്ച് ഹരികൃഷ്ണ എഴുതിയ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് എഴുതിയതെന്ന വ്യാജേന തയാറാക്കിയ കത്താണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പുസ്തകത്തിന്റെ പ്രചാരണത്തിനായി ഇത് ഉപയോഗിക്കുകയും ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഹരികൃഷ്ണ യുഎസില്‍ ആയിരുന്നു. കേസുമായി സഹകരിക്കാന്‍ ഇയാള്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുഎസില്‍ നിന്ന് കഴിഞ്ഞ മാസമാണ് ഹരികൃഷ്ണ ബംഗളൂരുവില്‍ തിരിച്ചെത്തിയത്.