ക്യാന്‍സറിനോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ നന്ദു മഹാദേവയുടെ വിയോഗ വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇതിന് പിന്നാലെ മറ്റൊരു കുറിപ്പ് കൂടി സൈബര്‍ ലോകത്ത് ശ്രദ്ധനേടുകയാണ്. അര്‍ബുദം ബാധിച്ച ഒരു അമ്മ മകനെഴുതിയ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
തനിക്ക് ബാധിച്ച അര്‍ബുദത്തെ കുറിച്ചും തന്റെ അന്ത്യ നമിഷങ്ങള്‍ അടുത്തുവെന്നും മകനോട് അറിയിക്കുകയാണ് അമ്മ. കാനഡയില്‍ നിന്നുള്ള ന്യൂറോ സയന്റിസ്റ്റായ നാദിയ ചൗധരി ആണ് തനിക്ക് ബാധിച്ച അണ്ഡാശയ അര്‍ബുദത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.
കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. നാദിയയ്ക്ക് 2020 ജൂണിലാണ് അണ്ഡാശയ അര്‍ബുദം കണ്ടെത്തിയത്. അര്‍ബുദവുമായുള്ള പോരാട്ടത്തിന്റെ അനുഭവങ്ങള്‍ നാദിയ തന്റെ സമൂഹമാധ്യമപേജിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍ ക്യാന്‍സറിനോടുള്ള ആ പോരാട്ടത്തില്‍ താന്‍ എങ്ങനെ പരാജയപ്പെടുന്നുവെന്നതിനെക്കുറിച്ചാണ് നാദിയ ഇപ്പോള്‍ ട്വീറ്റ് ചെയ്തത്. ‘ക്യാന്‍സര്‍ മൂലം എന്റെ അന്ത്യ നിമിഷങ്ങള്‍ അടുത്തുവെന്ന വിവരം ഇന്ന് ഞാന്‍ എന്റെ മകനോട് പറയുകയാണ്. അവന് ഇത് അറിയേണ്ട സമയമായിരിക്കുന്നു.
അവനോട് ഈ കാര്യം പറയുമ്പോള്‍ ഞാന്‍ ധൈര്യശാലിയായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ദുഖത്താല്‍ അലറിക്കരയും, എങ്കില്‍ മാത്രമേ അവനെ സമാധാനിപ്പിക്കാന്‍ എനിക്ക് കഴിയൂ’- മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നാദിയ കുറിച്ചു.
മകനോട് ഈ വിവരം അറിയിച്ച ശേഷം അവന് തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും തങ്ങള്‍ അല്പം സമയം കരഞ്ഞുവെന്നും നാദിയ മറ്റൊരു ട്വീറ്റില്‍ കുറിച്ചു. തന്റെ മകന് ധൈര്യശാലിയും ബുദ്ധിമാനും ആണെന്നും അവന്റെ വളര്‍ച്ച താന്‍ എവിടെയായിരുന്നാലും കാണുമെന്നും നാദിയ പറയുന്നു. തന്റെ ജിവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ദിവസമാണിതെന്നും അവര്‍ പറയുന്നു.