ന്യൂയോര്‍ക്ക്: യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ 21 പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു ആക്രമണം നടന്നത്.
സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവസമയത്ത് നിരവധി പേരാണ് സ്റ്റോറിലുണ്ടായിരുന്നത്. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാല്‍ കണ്‍മുന്നില്‍പ്പെട്ടവരെ എല്ലാം അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വാള്‍മാര്‍ട്ട് സ്റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു.
വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തകയാണെന്നും സര്‍ക്കാരിന്റെ എല്ലാസഹായങ്ങളും ഗവര്‍ണര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.