ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് റോഡില്‍ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കള്‍ക്ക് ഇനി അമേരിക്കയിലും കാനഡയിലും സുഖജീവിതം. 26കാരിയായ അമേരിക്കന്‍ പൗര ജെസിക്ക ഹാട്സ്മാനാണ് നായ്കള്‍ക്ക് സുഖ ജീവിതം നല്‍കുന്നത്. ഇക്കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ രാജ്യത്തുനിന്ന് 41 നായ്ക്കളെയാണ് ദത്തെടുത്ത് വിദേശത്തെത്തിച്ചത്. 2017ല്‍ ഇന്ത്യയിലെത്തിയ ജെസിക്ക് പഹര്‍ഗഞ്ചിലെ ഹോട്ടലില്‍ താമസിക്കവെ ചിലര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിയുടെ കരച്ചില് കേള്‍ക്കാനിടയായി.
തുടര്‍ന്ന് നായ്ക്കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി അതിനെ രക്ഷിച്ചു. നേപ്പാളിലേക്കുള്ള യാത്ര മുടക്കിയ ജെസിക്ക നായ്ക്കുട്ടിയുടെ അസുഖം ഭേദമാകും വരെ ഡല്‍ഹിയില്‍ തങ്ങി. തുടര്‍ന്ന് ചികിത്സിച്ച് ഭേദമാക്കിയ നായ്ക്കുട്ടിയെയുമെടുത്ത് നേപ്പാളിലേക്ക് പോയി. ഡല്‍ഹിയില്‍നിന്ന് ലഭിച്ചതിനാല്‍ ജെസിക്ക നായ്ക്കുട്ടിക്ക് ‘ഡല്‍ഹി’ യെന്ന് പേരിട്ടു. നേപ്പാളില്‍നിന്ന് ‘ഡല്‍ഹി’ ജെസീക്കയുടെ അമ്മയോടൊപ്പം അമേരിക്കയിലെ സീറ്റില്‍സിലേക്ക് പോയി.
അതേസമയം ജെസിക്ക വീണ്ടും ഡല്‍ഹിയിലേക്ക് എത്തുകയും തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനായി 2018 നവംബറില്‍ ‘ഡല്‍ഹി ദ സ്ട്രീറ്റ് ഡോഗ് ഫൗണ്ടേഷന്’ സ്ഥാപിച്ചു. സന്നദ്ധ പ്രവര്‍ത്തകരെയും മൃഗക്ഷേമ സംഘടനകളും ഈ സംഘടനയില്‍ പങ്കാളികളായി. നായ്ക്കളെ അമേരിക്കയിലേക്കും കാനഡയിലേക്കും എത്തിക്കാന്‍ വളരെ ചിലവേറിയതും പ്രായാസവുമായിരുന്നെന്ന് ജെസിക്ക് പറയുന്നു. നായ്ക്കളെ വിദേശത്തെത്തിക്കാന്‍ നിയമപരമായി എല്ലാ കാര്യങ്ങളും കടക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടി വരുമെന്നും ജെസിക്ക പറഞ്ഞു.
നായ്ക്കുട്ടികളെ വിദേശത്തെത്തിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത് പലരുടെയും സമാഹത്തിലാണെന്ന് ജെസിക്ക പറഞ്ഞു. അമേരിക്കയിലും കാനഡയിലുമായി നായ്ക്കളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നവരെ കണ്ടെത്തുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും നായ്ക്കളെ ദത്തെടുത്തെന്ന് ഇവര്‍ പറയുന്നു. ഉടമകള്‍ ഇല്ലാത്തതും അവശനിലയിലായ നായ്ക്കളെയാണ് ജെസിക്ക ദത്തെടുത്ത് വിദേശത്ത് അയക്കുന്നതും വിദേശത്തെത്തുന്നവര് ദത്തെടുക്കുന്നതും. പ്രമുഖ വാര്‍ത്താ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ജെസിക്കയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.