ലാഹോര്‍: ഹൃദയ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. ഇസിജിയില്‍ കണ്ട വ്യതിയാനത്തിന്റേയും രക്തപരിശോധനാ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ ഞായറാഴ്ച ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പാകിസ്ഥാനിലെ താത്കാലിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വൃക്ക തകരാറിലായതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഇസിജിയില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തിയത്.
ഷെരീഫിനെ ഇസ്ലാമാബാദിലെ പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിദഗ്ദ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു