കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയന്‍ കാത്തലിക് സ്കൂളില്‍ നിന്ന് മൂന്നരക്കോടി രൂപയുടെ തിരിമറി നടത്തി രണ്ട് കന്യാസ്ത്രീകള്‍. ചൂതാടാന്‍ വേണ്ടിയായിരുന്നു ഇരുവരും ചേര്‍ന്ന് പണം മോഷ്ടിച്ചത്. സ്കൂളില്‍ നടന്ന ഓഡിറ്റിങിനിടെയാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അടുത്തിടെ വിരമിച്ച രണ്ട് കന്യാസ്ത്രീകളിലാണ് പണം മോഷ്ടിച്ചതിന് പിന്നിലെന്ന് കണ്ടെത്തിയത്.
സിസ്റ്റര്‍ മേരി കൃപര്‍, ലാറ ചംഗ് എന്നിവരാണ് കാലിഫോര്‍ണിയയിലെ സെയിന്റ് ജെയിംസ് കാതോലിക് സ്കൂളില്‍ മോഷണം നടത്തിയത്. സ്കൂളില്‍ നിന്നും അടുത്തിടെയാണ് ഇരുവരും വിരമിച്ചത്. ഇരുവരും കുറ്റം സമ്മതിക്കുകയും അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സ്കൂളിലെ ഫീസും ഡൊണേഷനുകളും സൂക്ഷിച്ചിരുന്ന അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ പണം മോഷ്ടിച്ചത്. യാത്രകള്‍ക്കും ചൂതാട്ടത്തിനുമായി ഏകദേശം പത്ത് വര്‍ഷത്തോളം ഇവര്‍ സ്കൂളിലെ പണം ചെലവാക്കിയിരുന്നു. കണക്കുകളില്‍ തിരിമറി നടത്തി 5,00,000 ഡോളര്‍, അതായത് ഏകദേശം മൂന്നര കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിയത്.
സിസ്റ്റര്‍ മേരി കൃപര്‍, ലാറ ചംഗും അടുത്ത സുഹൃത്തുക്കളായിരുന്നു. 29 വര്‍ഷം സ്കൂളില്‍ പ്രിന്‍സിപ്പലായിരുന്നു സിസ്റ്റര്‍ മേരി കൃപര്‍. ഇതേ സ്കൂളില്‍ 20 വര്‍ഷം അധ്യാപികയായിരുന്നു സിസ്റ്റര്‍ ലാറ ചംഗ്. എന്നാല്‍ ചെയ്തുപോയ തെറ്റില്‍ കന്യാസ്ത്രീകള്‍ പശ്ചാത്തപിക്കുന്നതായും അതിനാല്‍ ഇരുവരുടെയും പേരില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.