ദോഹ: പൊതുപരീക്ഷകളില്‍ ക്രമക്കേടുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഖത്തറില്‍ കര്‍ശന നടപടി വരുന്നു. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്ളത്. നാല് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഉത്തരവ് ബാധകമാക്കുന്നത്. പൊതുപരീക്ഷയില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പരാജയപ്പെട്ടതായി കണക്കാക്കുകയും ‘ക്യാന്‍സല്‍ഡ്’ എന്ന് സീല്‍ ചെയ്യ്ത് ഈ വിദ്യാര്‍ത്ഥിക്ക് ആ വിദ്യാഭ്യാസ വര്‍ഷത്തെ പഠനം നഷ്ടപ്പെടുകയും ചെയ്യും.
വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട രണ്ടു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ്. ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദിയാണ് ഉത്തരവ് പുറത്തിറക്കിയത് . പരീക്ഷാഹാളില്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരങ്ങള്‍ കൊണ്ടുവന്നാലും നടപടി വരും. പരീക്ഷയിലെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഉപകരിക്കുന്ന രീതിയിലുള്ള യാതൊരു ഉപകരണങ്ങളും പരീക്ഷാ ഹാളില്‍ കൈവശം വെക്കാന്‍ പാടില്ല. കൂടാതെ സോഷ്യല്‍ മീഡിയ വഴി പൊതുപരീക്ഷാ സംവിധാനത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ക്യാംപയിനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും പരാജയപ്പെട്ടതായി കണക്കാക്കും.