ക്കാര്‍ത്ത: യാത്രാവിമാനത്തില്‍ കടത്തുകയായിരുന്ന പഴത്തിന്റെ രൂക്ഷഗന്ധം കാരണം യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകി.
ഇന്തോനേഷ്യന്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ കയറ്റിയ ദുരിയാന്‍ പഴത്തിന്റെ ഗന്ധം കാരണം വിമാനത്തില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ യാത്രചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
സുമാത്രയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള ശ്രീവിജയ വിമാനമാണ് വൈകിയത്. രണ്ടു ടണ്‍ ദുരിയാന്‍ പഴമാണ് വിമാനത്തിലുണ്ടായിരുന്നത്. ജക്കാര്ത്തയിലെത്തിക്കാനാണ് ഇത് വിമാനത്തില്‍ കയറ്റിയത്.
പഴങ്ങളുടെ രാജാവായ ദുരിയാന്‍ പഴത്തിന് ലോകത്ത് ധാരാളം ആരാധകരുണ്ട്. എന്നാല്‍ ഇതിന്റെ രൂക്ഷഗന്ധം ഇഷ്ടമില്ലാത്തവരാണധികം. ഇതിന്റെ മണം അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്.
എന്നാല്‍ അപകടകരമല്ലാത്ത ദുരിയാന്‍ വിമാനത്തില്‍ കയറ്റുന്നതില്‍ പ്രശ്നമില്ലെന്നാണ് വിമാനക്കമ്പനി അധികൃതരുടെ വാദം. വിമാനം പറന്നുയര്‍ന്നു കഴിഞ്ഞാല്‍ പഴത്തിന്റെ ഗന്ധം ഉണ്ടാവില്ലെന്നാണ് കമ്പനി വാദം. ചൂടുള്ള കാലാവസ്ഥ കാരണമാണ് പഴത്തിന്റെ ഗന്ധം ഇത്ര രൂക്ഷമായതെന്നാണ് അധികൃതര്‍ പറയുന്നത്. മണം പുറത്തു വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും കമ്പനി അറിയിച്ചു.
യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദുരിയാന്‍ മുഴുവനും വിമാനത്തില്‍ നിന്ന് ഇറക്കിയ ശേഷം വിമാനം പുറപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. പഴം ഇറക്കിയ ശേഷം ഒരു മണിക്കൂര്‍ വൈകി ജക്കാര്‍ത്തയിലേക്ക് വിമാനം പറന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു