മനാമ: ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഖത്തര്‍. ഖത്തറിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ബഹ്റൈനില്‍ പ്രതിപക്ഷകക്ഷിയായ അല്‍ വെഫാഖ് നേതാവ് അടക്കം മൂന്നുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സംഭവത്തിലാണ് പ്രതികരണവുമായി ഖത്തര്‍ രംഗത്തെത്തിയത്. തങ്ങള്‍ക്ക് ആരും രഹസ്യംചോര്ത്തി നല്‍കിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.
ഖത്തറിനുവേണ്ടി ചാരപ്പണി നടത്തിയ കേസില്‍ ബഹ്റൈനില്‍ പ്രതിപക്ഷകക്ഷിയായ അല്‍ വെഫാഖ് ജനറല്‍ സെക്രട്ടറി അലി സല്മാന് അലി അഹമ്മദ്, അംഗങ്ങളായ ഹസല്‍ അലി ജുമ സുല്‍ത്താന്‍, അലി മഹ്ദി അലി അല്‍ അസവദ് എന്നിവരെയാണ് ഞായറാഴ്ച അപ്പീല്‍ കോടതി ശിക്ഷിച്ചത്. ബഹ്റൈനിലെ രാഷ്ട്രീയ വൈരാഗ്യത്തിലും ആഭ്യന്തര സംഘര്‍ഷത്തിലും ഖത്തറിന്റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും അത് ശരിയായ നടപടിയല്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.