വാഷിംഗ്ടണ്‍: ആഗോള കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോളതാപനത്തിന്റെ ഭാഗമായി കൊടും വരള്‍ച്ചയും, ചൂടും, ഭക്ഷ്യക്ഷാമവും, കൂട്ടജീവഹാനിയുമടക്കമുള്ള കെടുതികള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പിനെയാണ് ട്രംപ് പരിഹസിച്ചത്.
കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്നും ട്രംപ് ആരോപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണക്കാരായി അമേരിക്കയെ അവതരിപ്പിക്കാനുള്ള ശ്രമത്തെ അംഗീകരിക്കില്ല. കാലാവസ്ഥയില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയയില്‍ അടുത്തിടെ നടന്ന ഐപിസിസി (ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) യോഗത്തിലാണ് ‘ഭൂമിയെ രക്ഷിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അന്തിമ മുന്നറിയിപ്പ് നല്‍കിയത്. 10 വര്‍ഷത്തിനകം കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറച്ചില്ലെങ്കില്‍ നിലവിലെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമെന്നും ഇത് വന്‍ദുരന്തത്തിന് വഴിവയ്ക്കുമെന്നും 33 പേജുള്ള റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തി കോടിക്കണക്കിന് ഡോളറിന്റെ വരുമാനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്താനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.