ബീജിംങ്: ആരാധകരുടെ മനം കവര്‍ന്ന സ്വപ്ന സുന്ദരി നികുതി ഇനത്തില്‍ വെട്ടിച്ചത് കോടികള്‍. ചൈനീസ് താരം ഫാന്‍ ബിംഗ്ബിംഗാണ് പുതിയ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് ഫാന്‍. തട്ടിപ്പ് സര്‍ക്കാര്‍ കണ്ടെത്തിയതോടെ ഫാനിന് കോടികള്‍ പിഴയിട്ടു.
നികുതി വെട്ടിപ്പ് നടത്തിയതിന് 924 കോടി രൂപയാണ് സര്‍ക്കാര്‍ പിഴ ചുമത്തിയിരിക്കുന്നത്. വരുമാനം കുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഒരു പ്രോജക്ടിനായി രണ്ട് കരാര്‍ ഉണ്ടാക്കി. ഒന്നില്‍ യഥാര്‍ത്ഥ പ്രതിഫല തുകയും മറ്റൊന്നില്‍ തുക കുറച്ചും കാണിച്ചു. ഇതില്‍ തുക കുറച്ചുള്ളതിന്റെ കണക്കാണ് സര്‍ക്കാരിന് ഫാന്‍ സമര്‍പ്പിച്ചത്. ഈ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു കൊണ്ടു വന്നത്.
എക്സ്മെന്‍, അയണ്‍ മെന്‍ അടക്കം നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിക്ക് ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയില് 62 ലക്ഷം ഫോളേവേഴ്സാണുള്ളത്. ചൈനയിലെ ഫോബ്സ് സെലിബ്രിറ്റി ലിസ്റ്റില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഫാന്‍ ബിംഗ്ബിഗിനാണ്. 2006 ന് ശേഷം എല്ലാ വര്‍ഷവും ഇവര്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്തിയിരുന്നു. നികുതിയുമായി ബന്ധപ്പെട്ട് ഫാനും സര്‍ക്കാരുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാവുന്നത്. മാസങ്ങളായി ഫാന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ.
സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. ഫാനിന്റെ തിരോധാനം അന്താരാഷ്ട്ര തലത്തില്‍ വരെ വലിയ വാര്‍ത്തയായിരുന്നു. ഫാന്‍ ചൈനീസ് സര്‍ക്കാരിന്റെ തടവിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നികുതി വെട്ടിപ്പിന് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഫാനിനെ കാണാതായതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.