ഇറ്റലി: ആല്‍പ്സ് പര്‍വതനിരയുടെ താഴ്വാരത്തില്‍ ഇറ്റലിയിലെ അതിപ്രശസ്ത ആഡംബര സ്ഥലമായ കോമോ തടാകക്കരയില്‍ ഇഷ ആനന്ദ് പിരാമലും വിവാഹമോതിരം കൈമാറി. സ്വപ്ന തുല്ല്യമായ വേദിയില്‍ കോടികള്‍ മുടക്കിയപ്പോള്‍ അത്യാഢംബരം നിറഞ്ഞൊഴുകി. മുകേഷ് അംബാനി നിത ദമ്പതിമാരുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹനിശ്ചയ ചടങ്ങ് ഈ പറഞ്ഞതിന്റെയൊക്കെ അങ്ങേയറ്റം എന്നു പറയുന്നതാകും ശരി.
ഇറ്റലിയിലെ പ്രശസ്ത ഡിസൈനര്‍ ബ്രാന്‍ഡ് ഡോല്‍സ് ആന്‍ഡ് ഗബാന (ഡിആന്ഡ്സി) ഗൗണായിരുന്നു ഇഷ ധരിച്ചത്. ഫ്ലോറല്‍ ഡീറ്റെയ്ലിങ്ങും ക്രിസ്റ്റല്‍ അഴകും വിരിയുന്ന ന്യൂഡ് ബീജ് ലേസ് ഗൗണ്‍ അവരുടെ കഴിഞ്ഞവര്‍ഷത്തെ അര്‍ട്ട മോഡ കൗച്ചര്‍ കലക്ഷനിലുള്ളതാണ്.
ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഫിഷ് ടെയില്‍ ഗൗണില്‍ അഴകായി റഫിള്‍സും കേപ് സ്ലീവും. സ്കൈ ബ്ലൂ, ഡള്‍ ഗ്രീന്‍, ന്യൂഡ് ഷെയ്ഡുകളിലുള്ള ഫ്ലോറല്‍ ഡീറ്റെയിലിങ്. സ്ലീവിലെ ലേസുകൊണ്ടുള്ള അതി സൂക്ഷ്മ ഡീറ്റെയ്ലിങ്ങാണ് ഹൈലൈറ്റ്. ഡയമണ്ടിന്റെ പ്രൗഢി ചേരുന്ന നെക്ലേസ്, ബ്രെയ്സ്ലെറ്റ്, ഡ്രോപ് ഇയറിങ് എംബല്ലിഷ്ഡ് ഹെഡ് ബാന്‍ഡിനൊപ്പം അഴിച്ചിട്ട അലസമായ മുടിയും മിനിമല്‍ മെയ്ക്ക് അപ്പും ന്യൂഡ് ലിപ്സും ഇഷയെ ഫെയറി ടെയില്‍ കഥകളിലെ രാജകുമാരിയാക്കി.
പിരാമല്‍ ഗ്രൂപ്പ് ഉടമ അജയ് പിരാമലിന്റെയും സ്വാതിയുടെയും മകനാണ് ആനന്ദ്. ബ്ലാക്ക് എംബ്രോയ്ഡറി ഷേര്‍വാണിയും ബീജ് നിറത്തിലുള്ള പൈജാമായുമായിരുന്നു ആനന്ദിന്റെ വേഷം,.
മകളുടെ നിശ്ചയം ആഡംബരപൂര്ണമായിരിക്കണമെന്നു മുകേഷ് അംബാനിക്കും നിത അംബാനിക്കും നിര്‍ബന്ധമുണ്ടായിരുന്നതിനാലാണ് ചടങ്ങ് ഇറ്റലിയിലേക്ക് മാറ്റിയത്. 21ന് ‘വെല്‍ക്കം ലഞ്ചോടു കൂടി ആരംഭിച്ച ചടങ്ങ് 23ന് ‘ഡിന്നര്‍ ഡാന്‍സോടു’ കൂടിയാണ് അവസാനിച്ചത്.
ബോളിവുഡില്‍ നിന്നുളള നിരവധി സെലിബ്രിറ്റി താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു.
ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, നടി പ്രിയങ്ക ചോപ്ര, പ്രതിശ്രുത വരന് നിക്ക് ജോനാസ്, സോനം കപൂര്‍ ഭര്‍ത്താവ് ആനന്ദ് അഹൂജ, അനില്‍ കപൂര്‍, ആമിര്‍ ഖാന്, ഭാര്യ കിരണ്‍ റാവു, സംവിധായകന് കരണ്‍ ജോഹര്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അംബാനി ഗ്രൂപ്പിന്റെയും പിരമള്‍ ഗ്രൂപ്പിന്റെയും കുടുംബാംഗങ്ങള്‍ക്കും വിശിഷ്ട അതിഥികള്ക്കുമായിരുന്നു ക്ഷണം. ഓരോ ദിവസവും പ്രത്യേക ചടങ്ങുകളും ഡ്രസ്കോഡും നിശ്ചയിച്ചിരുന്നു. ‘ലൗ ആന്റ് ബൂട്ടിഫൂള്‍’ എന്ന് പേരിലുളള ആദ്യ ദിനത്തിലെ അത്താഴവിരുന്നായിരുന്നു പരിപാടിയുടെ മുഖ്യആകര്‍ഷണം. രണ്ടാം ദിനം ആഘോഷത്തിന് മോടികൂട്ടി ഇറ്റാലിയന്‍ ശൈലിയില്‍ ഒരുക്കിയ ‘ഡാന്‍സ്നൈറ്റ്’. ഇറ്റാലിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു ഈ അത്താഴവിരുന്നില്‍ വിളമ്പിയത്. മൂന്നാംദിനം സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് അണിഞ്ഞെത്തിയ അതിഥികളെ സത്കാരത്തിനുശേഷം യാത്രയാക്കി.
ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് ഇഷയെ ആനന്ദ് പ്രപ്പോസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ചടങ്ങ് ഇക്കഴിഞ്ഞ മെയില്‍ നടന്നിരുന്നു.പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന് ആകാശിന്റെ വിവാഹ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്.