പെര്‍ത്ത്: അപകടത്തില്‍പ്പെട്ട നാവികന് അഭിലാഷ് ടോമിയുടെ പായ് വഞ്ചി ഇന്ത്യന്‍ നേവി വിമാനം കണ്ടെത്തി. നേവി വിമാനം p81ന് അഭിലാഷിന്റെ റേഡിയോ സന്ദേശം ലഭിച്ചു. സ്ഥലത്ത് കനത്ത മഴ തുടരുകയാണ്. അടിയന്തിര മരുന്നുകളും ഭക്ഷണവും പായ് വഞ്ചിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.
സംഘാടകരുമായി അഭിലാഷ് ടോമി ആശയവിനിമയം നടത്തി. ഫ്രാന്‍സിലുള്ള റേസ് കണ്ട്രോള് യൂണിറ്റുമായാണ് സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമി ബന്ധപ്പെട്ടത്. ഈ സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഓസ്ട്രേലിയയിലുള്ള സംയുക്ത രക്ഷാപ്രവര്‍ത്തന സംഘത്തിന് കൈമാറി. സ്വയം നീങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്ട്രെച്ചര്‍ വേണമെന്ന് ആവശ്യപ്പെട്ടതായും നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡികെ ശര്‍മ അറിയിച്ചു.
മൗറീഷ്യസിനടുത്താണ് പായ് വഞ്ചി കണ്ടെത്തിയതായി വിവരം. അഭിലാഷിന്റെ സ്ഥാനം ലക്ഷ്യമാക്കി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സംപ്രീതും ഓസ്ട്രേലിയയില്‍ നിന്നുള്ള ഹെലികോപ്റ്ററുകളും നീങ്ങിയിട്ടുണ്ട്.
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെയാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. പായ്മരം തകര്‍ന്നുവീണ്, നടുവിന് പരുക്കേറ്റ് അഭിലാഷ് അനങ്ങാവാത്ത അവസ്ഥയില്ലാണ്. വഞ്ചിയിലുള്ള സാറ്റ്ലൈറ്റ് ഫോണ്‍ ഉള്‍പ്പെടുന്ന കിറ്റ് എടുക്കാനും അഭിലാഷിനായിട്ടില്ല.