ഇസ്ലാമാബാദ്: പാകിസ്താന്റെ ക്രൂരതയ്ക്ക് മറുപടി നല്കാന് സമയമായെന്ന കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാകിസ്താന് സൈന്യം.
പാകിസ്താന് യുദ്ധത്തിനു തയാറാണെന്നും എന്നാല്‍ മേഖലയിലെയും അയല്‍ക്കാരുടെയും പാകിസ്താനിലെ ജനങ്ങളുടെയും താത്പര്യം കണക്കിലെടുത്താണ് സമാധാനത്തിന്റെ മാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും പാകിസ്താന് സൈനിക വക്താവ് പറഞ്ഞതായി ദി ഡോണ്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താന്റെ കിരാത നടപടികള്‍ക്കു മറുപടി നല്കാന് സമയമായെന്നും ഇന്ത്യ അനുഭവിക്കുന്ന അതേ വേദന മറുവശത്തുള്ളവരും അറിയണമെന്നുമായിരുന്നു കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പരാമര്‍ശം.
നമ്മുടെ സൈനികര്‍ക്കെതിരേ പാകിസ്താന് സൈന്യവും തീവ്രവാദികളും നടത്തുന്ന കാടത്തത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇപ്പോഴാണ് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനുള്ള സമയം, പക്ഷേ അത് ഒരിക്കലും കാടത്ത സ്വഭാവം കൈവരിക്കില്ല. മറുവശത്തുള്ളവരും നാം അനുഭവിക്കുന്ന അതേ വേദന മനസിലാക്കണം- ജയ്പൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവെ റാവത്ത് പറഞ്ഞു.
പാകിസ്താനുമായുള്ള വിദേശകാര്യമന്ത്രിതല ചര്‍ച്ച റദ്ദാക്കിയതിനു പിന്നാലെയായിരുന്നു റാവത്തിന്റെ പരാമര്‍ശം. ചര്‍ച്ച റദ്ദാക്കിയതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ മറുപടി നല്‍കിയത്.
ഇന്ത്യയുമായി സമാധാനമാണ് പാകിസ്താന് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ ഗഫൂര്‍, അതിര്‍ത്തിയില്‍ ജവാന്മാരും പോലീസുകാരും കൊല്ലപ്പെട്ട സംഭവത്തിലെ പാകിസ്താന്റെ പങ്കും നിഷേധിച്ചു.