പെര്‍ത്ത്: ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന് അഭിലാഷ് ടോമി പരിക്ക്. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തര സന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്.
ആസ്ട്രേലിയയയിലെ പെര്‍ത്തില്‍ നിന്നും 1900 മൈല്‍ അകലെയായിരുന്നു അപകടം. ഇന്ത്യന്‍ നാവിക സേന ആസ്ട്രേലിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു. പായ്വഞ്ചിയിലെ ട്രാക്കര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അഭിലാഷിനെ കണ്ടെത്താന്‍ സാധിക്കുമെന്ന് ആസ്ട്രേലിയന്‍ നേവി അറിയിച്ചു
എഴുന്നേല്ക്കാന് പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്ട്രേലിയന്‍ റെസ്ക്യൂ കോര്‍ഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും.
ഇന്നലെ രാത്രി പത്തരയോടെ അഭിലാഷിന്റെ ആദ്യ സന്ദേശം ലഭിച്ചിരുന്നു. പരുക്ക് പറ്റിയിട്ടുണ്ടെന്നും ബങ്കിന് പുറത്തേക്ക് എത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അഭിലാഷിന്റെ സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അഭിലാഷിന്റെ സന്ദേശത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണന്നും അറിയിച്ചിരുന്നു.
അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.
ജൂലൈ ഒന്നിനു ഫ്രാന്‍സിലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്.
അഭിലാഷ് ടോമിയുടെ പായ് വഞ്ചി തുരിയ, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക് കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.