ഏഥന്‍സ്: എല്ലാ ദിവസവും ഇതുപോലത്തെ അതിഥികള്‍ എത്തണമെന്ന് ആഗ്രഹിച്ചാല്‍ ഗ്രീസിലെ ആ ആഡംബര ഹോട്ടല്‍ ജീവനക്കാരെ കുറ്റം പറയാന്‍ പറ്റില്ല, കാരണം കഴിഞ്ഞ ദിവസം ഹോട്ടലില്‍ അതിഥിയായെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിപ്പോകുമ്പോള്‍ ടിപ്പായി നല്‍കിയത് 21.5 ലക്ഷത്തിലേറെ രൂപ.
ഗ്രീസിലെ പലപ്പ്നീസ് പ്രവിശ്യയിലുള്ള ആഡംബര റിസോര്‍ട്ടായ കോസ്റ്റ നവരീനോയിലെ ജീവനകാര്‍ക്കാണ് ഈ വിശിഷ്ടാതിഥിയെ ലഭിച്ചത്. റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിനു പിന്നാലെയാണ് പുതിയ ഫുട്ബോള്‍ സീസണിനു മുന്നോടിയായി റൊണാള്‍ഡോ കുടുംബസമേതം ഗ്രീസിലെത്തിയത്.
ഏതാണ്ട് 31,500 ഡോളര്‍ ടിപ്പായി നല്കിയ റൊണാള്‍ഡോ, ഈ തുക ഹോട്ടലിലെ ജീവനക്കാര്‍ക്കു തുല്യമായി വീതിച്ചു നല്‍കാനും നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ക്കു പുറമെ അടുത്ത ചില സുഹൃത്തുക്കളും ഒഴിവുസമയം ആഘോഷിക്കാന്‍ റൊണാള്‍ഡോയ്ക്കൊപ്പം ഗ്രീസിലെത്തിയിരുന്നു.
ഫുട്ബോള്‍ ലോകത്തെ പിടിച്ചുകുലുക്കിയ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ നീക്കങ്ങളെല്ലാം നടന്നത് ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിനു കളിച്ച റൊണാള്‍ഡോ പുതിയ സീസണില്‍ ഇറ്റാലിയന്‍ ക്ലാബ് യുവെന്റസ് എഫ്സിക്കാണ് കളിക്കുക. യുവെന്റസ് പ്രസിഡന്റ് ആന്ദ്രെ ആഗ്നെല്ലി ഗ്രീസിലെത്തിയാണ് റൊണാള്‍ഡോയുമായി ചര്‍ച്ച നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഏതാണ്ട് 800 കോടിയില്‍പ്പരം രൂപയ്ക്കാണ് റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ട് യുവെന്റസിലേക്ക് ചേക്കേറിയത്. ടൂറിനില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ മുപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയ്ക്ക്, യുവന്റസ് ആരാധകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.