ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുള്ളറ്റോടിച്ചതിന് പെണ്‍കുട്ടിക്ക് നേരെ വധഭീഷണി. ഡല്‍ഹി മിലക് ഖതാന ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ മാര്‍ക്കറ്റിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ചതിനാണ് പെണ്‍ക്കുട്ടിക്ക് നേരെ വധഭീഷണിയുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ഒരു സംഘം ആളുകള്‍ ഭീഷണിയുമായെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സച്ചിന്(30) കുല്ലു(28) എന്നിവര്‍ക്കെതിരെ കേസെടുത്തു.
സെപ്തംബര്‍ ഒന്നിന് ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇരുവരെയും ഇത് വരെ അറസറ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് പ്രദേശത്തെ മാര്‍ക്കറ്റില്‍ പാലുവാങ്ങാന്‍ ബുള്ളറ്റില്‍ പോയതായിരുന്നു പെണ്‍കുട്ടി. പോകുന്നവഴിയില്‍ പെണ്‍കുട്ടിയെ തടഞ്ഞ് വെച്ച ശേഷം ഇനി മേലില്‍ ബൈക്ക് ഓടിക്കരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്താകാരണമെന്ന് ചോദിച്ച പെണ്‍കുട്ടിയോട് അത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും അനുസരിച്ചിച്ചെങ്കില് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സച്ചിനും മറ്റു രണ്ടുപേരും പേര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആക്രമികളുടെ കൈയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസിനെ വിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.