ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ 21 കാരി മാര്‍ക്കറ്റില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. മാര്‍ക്കറ്റിലെ വ്യാപാരി ഗിരിപാലാണ് സംഭവ ദിവസത്തെ വിവരങ്ങള്‍ വിവരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ തിരക്കേറിയ ഭോഗല്‍ മാര്‍ക്കറ്റില്‍ വെച്ചാണ് 100 കണക്കിന് ആളുകളുടെ മുമ്പില്‍ വെച്ച് 21 കാരിയെ കുത്തി കൊലപ്പെടുത്തിയത്.
പ്രീതി മാത്തൂര്‍ (കിര്‍തി) ആണ് കൊല്ലപ്പെട്ടത്. ദൃക്സാക്ഷിയുടെ വിവരണം ഇങ്ങനെ-സംഭവ ദിവസം വൈകുന്നേരം ഫുട്പാത്തിലൂടെ ഒരു പെണ്‍കുട്ടി സഹായിക്കണമെന്ന് ഉറക്കെ നിലിവിളിച്ച് ഓടി വരുന്നുണ്ടായിരുന്നു. ഓടുന്നതിനിടെ ഫുട്പാത്തില്‍ ഇടിച്ച് പെണ്‍കുട്ടി തെറിച്ച് വീണു. വാഹനാപകടത്തില്‍ പെട്ടതാണെന്നാണ് ആളുകള്‍ ആദ്യം കരുതിയത്.
എന്നാല്‍ കത്തിയുമായി യുവതിയുടെ പിന്നാലെ കൊലവിളിയുമായി ഓരു യുവാവ് എത്തിയതോടെയാണ് സംഭവം വ്യക്തമായത്. അപ്പോഴെക്കും പെണ്‍കുട്ടിയുടെ മുകളില്‍ ചാടി വീണ യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ‘ഇവള് എന്റെ ജീവിതം തകര്‍ത്തെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കുത്തിയത്’.
മരം കൊണ്ട് നിര്‍മ്മിച്ച ബക്കറ്റുകൊണ്ട് പെണ്‍കുട്ടി അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. കണ്ടു നിന്നവര്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും അവരെ യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഗിരിലാല്‍ പറഞ്ഞു. പിന്നീട് താന്‍ സമീപത്തുണ്ടായിരുന്ന വൈപ്പറെടുത്ത് യുവാവിനെ നേരിട്ടു.
തുടര്‍ന്ന് അക്രമിയുടെ കൈയില്‍ നിന്ന് കത്തി താഴെ വീഴുകയായിരുന്നു. കത്തി താഴെ വീണതോടെ അടുത്തുള്ള ആളുകള്‍ സഹായത്തിനെത്തി. കഴുത്തില്‍ ആഴത്തിലുള്ള മുറുവുകളോടെ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ഉടന്‍ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ 25കാരനായ മുഹമ്മദ് മുനാസിറിനെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു.
മുനാസിറും കൊല്ലപ്പെട്ട പെണ്‍കുട്ടിയും കഴിഞ്ഞ ഒരുവര്‍ഷത്തോളമായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും അയല്‍ക്കാരായിരുന്നു. എന്നാല്‍ കുറച്ച് ദിവസമായി യുവതി ഇയാളില്‍ നിന്ന് അകന്നു. ഇതില്‍ പ്രകോപിതനായാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം പോലീസിന്റെ വാദം നിഷേധിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുനാസില്‍ യുവതിയുടെ കുടുംബം താമസിക്കുന്ന വീടിനടുത്ത് താമസത്തിനെത്തി. യുവതിയുടെ വീടിന് മുന്നില്‍ യുവാവിനെ മദ്യപിച്ച് കണ്ടതിനെ തുടര്‍ന്ന് അയാളെ പുറത്താക്കണമെന്ന് യുവതി വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരങ്ങള്‍ പറഞ്ഞു. സഹോദരങ്ങളോടൊപ്പമാണ് യുവതിയുടെ താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ വൈകുന്നേരം ആറരയോടെയാണ് മാര്‍ക്കറ്റില്‍ വച്ച് അക്രമി കുത്തിവീഴ്ത്തിയത്.