ഹൗറ: പശ്ചിമബംഗാളിലെ ഹൗറയില്‍ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ചും കല്ലെറിഞ്ഞും യുവാവ് പരിഭ്രാന്തി പരത്തി. ഹൗറയിലെ തിരക്കേറിയ ജിടി റോഡില്‍ ഏതാണ്ട് 40 മിനിറ്റോളമാണ് യുവാവ് പരിഭ്രാന്തി പരത്തിയത്. ബീഹാര്‍ സ്വദേശിയായ യുവാവാണ് ഇന്നലെ ഉച്ചയോടെ നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്.
മേല്‍വസ്ത്രം ധരിക്കാതെ റോഡിലൂടെ നടന്ന ഇയാള്‍ പെട്ടെന്ന് ആളുകളെ കടിക്കാന്‍ തുടങ്ങുകയായിരുന്നു. പിന്നീട് ബൈക്ക് യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ അക്രമകാരിയായി. പത്തോളം പേര്‍ക്ക് കൈക്കും കവിളിലും കടിയേറ്റ മുറിവില്‍ നിന്ന് രക്തം വന്നു തുടങ്ങി.
തുടര്‍ന്ന് നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ കല്ലെറിയുകയും കൊട്ടിയിടുകയും ചെയ്തു എന്നാല്‍ ഇയാള്‍ ഇതില്‍ നിന്നും പുറത്തുകടന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. സംഭവസ്ഥലത്ത് പോലീസെത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ കൈവിലങ്ങ് അണിയിക്കാന്‍ ശ്രമിച്ച മൂന്ന് പോലീസുകാരെയും ഇയാള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു.
പിന്നീട് ഇയാളെ പിടികൂടി ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെയും മറ്റ് മൂന്ന് പോലീസുകാരെയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നെന്ന് സംശയിക്കുന്നു.
ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ലളിത് ചൗധരി എന്ന പേരില്‍ ഒരു മരുന്ന് കുറിപ്പും കുറച്ച് മരുന്നുകളും കണ്ടെത്തി. ഇതാണ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണെന്ന സംശയം ബലപ്പെടുത്തിയത്. സംഭവത്തില്‍ ആറ് പോലീസ് ഉള്‍പ്പെടെ 22 പേരെയാണ് ഇയാള്‍ കടിച്ചുപരിക്കേല്‍പ്പിച്ചത്.