കട്ടക്ക്: ഒഡീഷയില്‍ രണ്ടു ദിവസത്തിനുള്ളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. നാടിനെ നടുക്കിയ സംഭവത്തില്‍ സൈക്കോ കില്ലറെ തേടി പോലീസ്. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന കൊലപാതകങ്ങളില്‍ തെരുവില്‍ കഴിയുന്ന മൂന്ന് പോരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ എന്തിനാണെന്നോ വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ചൊവ്വാഴ്ച രാവിലെയാണ് റാണിഹത് പാലത്തിനു സമീപത്ത് നിന്നും ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും ഒഎംപി മാര്‍ക്കറ്റിന് സമീപത്ത് നിന്നുമാണ് മറ്റു രണ്ട് മൃതദേഹങ്ങളും തലയറുത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസങ്ങളിലായി നടന്ന കൊലപാതകങ്ങളും സമാന രീതിയിലാണെന്ന് കണ്ടെത്തി.
മൂന്ന് മൃതദേഹങ്ങളുടെയും കഴുത്തറുത്ത് ഭാരമുള്ള വസ്തു കൊണ്ട് തലയക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് കൊല ചെയ്തത് സൈക്കോ കില്ലറായിരിക്കാമെന്ന് സംശയത്തിലെത്തിയത്. കൊലയ്ക്ക് പിന്നില്‍ മാനസിക പ്രശ്നമുള്ള വ്യക്തിയാണോ എന്നും സംശയിക്കുന്നതായി കമ്മീഷ്ണര്‍ സത്യജിത് മൊഹന്തി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് രാത്രികാല നൈറ്റ് പെട്രോളിങ്ങ് കര്‍ശനമാക്കി. അന്വേഷണത്തലവനായി പ്രത്യേക സംഘം രൂപീകരിച്ചതായും ഡിസിപി അഖിലേഷ്വര്‍ സിങ് പറഞ്ഞു. 1998 ല്‍ നടന്ന സ്റ്റോണ്‍മാന്‍ മോഡല്‍ കൊലപാതകമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.