ന്യൂഡല്‍ഹി: രോഗികള്‍ക്ക് സഹായകമായി പേസ്മേക്കറിനും കൃത്രിമ ഇടുപ്പെല്ലും ഉള്‍പ്പെടെ 400-ലേറെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം വില കുറയ്ക്കുന്നു. 50 മുതല്‍ 80 വരെ ശതമാനം വില നിയന്ത്രണമേര്‍പ്പെടുത്താനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്.
നീതി ആയോഗിന്റെ ആരോഗ്യവിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവനവിഭാഗം ഡയറക്ടര്‍ ജനറല്‍, ബയോമെഡിക്കല്‍ രംഗത്തെ വിദഗ്ധന്‍ എന്നിവരടങ്ങിയ ഏഴംഗസമിതിക്കാണ് ഇനിമുതല്‍ വില കുറയ്ക്കുന്ന മരുന്നുകളെ നിശ്ചയിക്കുന്നതിനുള്ള അധികാരം. സിടി-എം ആര്‍ഐ സ്കാനിങ് മെഷിനുകള്‍, രക്തസമ്മര്‍ദമളക്കുന്ന ഉപകരണം, കൃത്രിമ അസ്ഥിഘടകങ്ങള്‍ തുടങ്ങി ഇതുവരെ വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടാത്ത ഉപകരണങ്ങള്‍ക്കാണ് വില കുറയ്ക്കുക.
കൂടാതെ ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങള്‍ക്കും നിയന്ത്രണം ബാധകമാകും. ഇവയുടെ ഗുണനിലവാരം കര്‍ശനമായി നിരീക്ഷിക്കും. ഇതിനായി ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തില്‍ ഭേദഗതി വരുത്തും.
അതേസമയം, അവശ്യമരുന്നുകളെ നിര്‍ബന്ധമായും വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതി കേന്ദ്രം അവസാനിപ്പിച്ചു. സമിതി വില നിയന്ത്രിക്കുന്നതോടെ ദേശീയ ഔഷധവിലനിര്‍ണയ സമിതിയുടെ (എന്‍പിപിഎ) അധികാരങ്ങള്‍ ഭാഗികമായി നഷ്ടപ്പെട്ടു.