കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ബംഗളൂരുവിന് മുന്നില്‍ പരാജയം. ലഭിച്ച സുവര്‍ണാവസരങ്ങളെല്ലാം പാഴാക്കിയ ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സിയില്‍ നിന്ന് തോല്‍വി പിടിച്ചുവാങ്ങുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് സമനിലയായിരുന്നു. ഇതോടെ ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ തോല്‍വിയുമായി.
81ാം മിനുറ്റില്‍ നിക്കോള ക്രെമാരാവിച്ചിന്റെ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് നയിച്ചത്. 1-1 എന്ന സമനിലയിലായിരുന്നു അതുവരെ ഇരുടീമുകളും. എണ്ണംപറഞ്ഞ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ബംഗളൂരു ഗോള്‍കീപ്പര്‍ ചിലത് തട്ടിമാറ്റിയെങ്കില്‍ ചിലത് ബംഗളൂരു പ്രതിരോധത്തില്‍ തട്ടിവഴിമാറി.
ഐഎസ്എല്‍ അഞ്ചാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഹോം മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു (11). ബംഗളൂരു എഫ്സിയാണ് ആദ്യം ഗോള്‍ നേടിയത്.
17ാം മിനുറ്റില്‍ സുനില്‍ ഛേത്രിയാണ് ബ്ലാസ്റ്റേഴ്സ് വലയില്‍ പന്ത് എത്തിച്ചത്. മിക്കുവിന്റെ മികച്ചൊരു പാസില്‍ ഛേത്രി പന്തുമായി മുന്നേറുകയും ഗോള്‍കീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയുമായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കിയത് പെനല്‍റ്റിയിലൂടെയായിരുന്നു(30ാം മിനുറ്റ്). സഹല്‍ അബ്ദുല്‍ സമദിനെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി വലക്കുള്ളിലാക്കി ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തുകയായിരുന്നു. സ്ലാവിസ സ്റ്റൊയാനാവിചാണ് പന്ത് വലയിലെത്തിച്ചത്.
എന്നാല്‍ രണ്ടാം പകുതി തുടങ്ങാനിരിക്കെ വെളിച്ചം നിലച്ചത് കളി തടസപ്പെടുത്തി. നിശ്ചയിച്ചതിലും വൈകി കളി പിന്നീട് പുനരാരംഭിച്ചു.