അറിയാത്ത വഴികളിലൂടെ പോകുമ്പോള്‍ നേര്‍വഴി കാട്ടിത്തരാന്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് സഹായിക്കാറുണ്ട്. എന്നാല്‍ ഇനിമുതല്‍ വഴികാട്ടിയായി മാത്രമല്ല പൊതുപരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഗൂഗിള്‍ മാപ്പ് നമുക്കൊപ്പമുണ്ടാവും.
ഓരോ പ്രദേശത്തും എന്തൊക്കെ പരിപാടികളാണ് നടക്കുന്നതെന്നും അതിന്റെ വിവരങ്ങളും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാന്‍ അവസരം നല്‍കും. പരിപാടിയുടെ പേര്, സ്ഥലം, തിയതി തുടങ്ങിയ വിവരങ്ങളും ചിത്രങ്ങളും ഉപഭോക്താക്കള്‍ക്ക് ഇതില്‍ പങ്കുവെയ്ക്കാം.
ഇത് കാണുന്ന മറ്റുള്ള ഉപഭോക്താക്കള്‍ക്ക് അവരവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള പരിപാടികള്‍ തെരഞ്ഞെടുത്ത് പങ്കെടുക്കാം. പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാവും. പരിപാടികളെക്കുറിച്ച് അറിയാത്തതു കാരണം പലപ്പോഴും പല അവസരങ്ങളും നമുക്ക് നഷ്ടമായിട്ടുണ്ടാവും. എന്നാല്‍ ഈ അവസ്ഥ ഇനി ഉണ്ടാവാതിരിക്കാന്‍ ഗൂഗിള്‍ മാപ്പില്‍ ഏര്‍പ്പെടുത്തിയ പുതിയ സൗകര്യം ഏറെ സഹായകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.