സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും ഒരു ധാരണയുണ്ട് രാത്രി മുഴുവനായി ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ബാറ്ററിയെ തകര്‍ക്കുമെന്ന്. എന്നാല്‍ ഇതുവെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാത്രി മുഴുവന്‍ ഫോണ്‍ പ്ലഗ് ചെയ്തിടുന്നത് ബാറ്ററിക്ക് ഒരു കേടുമുണ്ടാക്കില്ല. ഗാഡ്ജറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന കാലിഫോര്‍ണിയന്‍ സ്ഥാപനമായ ഐഫിക്സിറ്റ് മേധാവി കൈല്‍ വിയന്സാണ് ഇത് പറഞ്ഞത്.
ബാറ്ററിയുടെ ആയുസ് നിര്‍ണയിക്കുന്നത്, സൈക്കിള്‍ കൊണ്ടിനെയും, ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും. ബാറ്ററി നശിക്കുന്നതിന് മുമ്പ് എത്രതവണ ഒരു സ്മാര്‍ട്ട്ഫോണ്‍ ഫുള്‍ ചാര്‍ജായി എന്നതിനെയാണ് സൈക്കിള്‍ കൊണ്ട് എന്ന് പറയുന്നത്. അതായത് നമ്മള് ബാറ്ററി പകുതി തീര്‍ന്നപ്പോഴാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ പകുതിയാണ് ചാര്‍ജ് ചെയ്യപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ അത് ഹാഫ് സൈക്കിളാണ്.
ഒരു സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിക്ക് 400 ചാര്‍ജ് സൈക്കിളാണ് ഉണ്ടാവുകയെന്ന് വിയന്‍സ് പറഞ്ഞു. അതായത് ഏകദേശം ഒന്നര വര്‍ഷം ഡിവൈസില്‍ ഉപയോഗിക്കാം. എന്നാല്‍ അതില്കൂടുതല് ഉപയോഗിക്കാന്‍ കഴിയാവുന്ന ബാറ്ററികളുമുണ്ട്.
ഫോണുകളിലെ ചാര്‍ജിങ്ങ് കപ്പാസിറ്റി 100% ആയി കഴിഞ്ഞാല്‍ അതിനുള്ളിലെ ചിപ്പ് പിന്നീടുള്ള ചാര്‍ജിങ്ങ് തടയും. അതുകൊണ്ട് തന്നെ ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തിടുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല.