ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളാണ് ഫേസ്ബുക്കും വാട്സ്ആപ്പും. ബന്ധങ്ങളെ നിലനിര്‍ത്തുന്ന, സൗഹൃദങ്ങള്‍ വളര്‍ത്തുന്ന ഇത്തരം മീഡിയകള്‍ ഇന്ന് ജനജീവിത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഒരു ദിവസം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് സേവനങ്ങള്‍ ഇല്ലാതെയുള്ള അവസ്ഥ നമുക്ക് നിരാശാജനകമാണ്.
എന്നാല്‍ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി 17 മണിക്കൂറോളം ഫേസ്ബുക്കിന് കീഴിലെ സാമൂഹ്യമാധ്യമങ്ങള്‍ പണിമുടക്കിയപ്പോള്‍ ലോട്ടറി അടിച്ചത് മറ്റൊരാള്‍ക്കാണ്. 24 മണിക്കൂര്‍ കൊണ്ട് 30 ലക്ഷം പുതിയ ഉപഭോക്താക്കളുമായി ഫേസ്ബുക്കിന്റെ കോട്ടം നേട്ടമായി മാറ്റിയ ‘ടെലിഗ്രാം’.
ചരിത്രത്തിലെ തന്നെ എറ്റവും വലിയ സേവന സ്തംഭനം ഫേസ്ബുക്കിന് കീഴിലെ സാമൂഹ്യമാധ്യമങ്ങള്‍ നേരിട്ടപ്പോള്‍ ടെലഗ്രാമിന് അതൊരു ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു. റഷ്യന്‍ ടെക്കികളായ പവേല്‍ ദുറോവും സഹോദരന് നിക്കോലൈ ദുറോവും ആണ് ടെലിഗ്രാമിന്റെ സൃഷ്ടാക്കള്‍. 2013ല്‍ ആരംഭിച്ച ടെലിഗ്രാം അന്ന് തന്നെ എന്‍ഡ് ടു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്കിയ വിപ്ലവകാരിയാണ്.
വാട്സാപ്പ് പോലെ തന്നെ മൊബൈല്‍ നമ്പര്‍ അധിഷ്ഠിത ചാറ്റ് ആപ്പ് തന്നെയാണ് ടെലിഗ്രാമും, എന്നാല്‍ വാട്സാപ്പില്‍ ഒരു നമ്പര്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുമ്പോള്‍ ടെലിഗ്രാമില്‍ മൂന്ന് നമ്പറുകള്‍ വരെ ആഡ് ചെയ്യാം. ഒരോ അക്കൗണ്ടായി മൂന്ന് നമ്പറുകളും പ്രവര്‍ത്തിക്കും. വാട്സാപ്പ് ഈയടുത്ത അവതരിപ്പിച്ച സ്റ്റിക്കര്‍ പോലുള്ള ഫീച്ചറുകള്‍ ടെലിഗ്രാമില്‍ വളരെ നേരത്തെ തന്നെ ഉണ്ട്.
എന്നാല്‍ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും കൂടുതല്‍ മീഡിയ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ടെലിഗ്രാമം പൈററ്റഡ് സിനിമകളുടെ മാര്‍ക്കറ്റിനായി ഉപയോഗിക്കാറുണ്ട് എന്ന ചീത്തപ്പേരുണ്ട്.