ഗാലക്സി പരമ്പരയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സാംസങ് ഫോള്‍ഡബിള്‍ സ്ക്രീന്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ആവശ്യാനുസരണം മടക്കാന്‍ സാധിക്കുന്ന സ്ക്രീനുകളുള്ള സ്മാര്‍ട്ട്ഫോണുകളുടെ യുഗത്തിനാണ് സാംസങ് ഇതുവഴി തുടക്കമിട്ടത്. സാന്‍ ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ‘ഗാലക്സി ഫോള്‍ഡ്’ സ്മാര്‍ട്ട്ഫോണ്‍ സാംസങ് അവതരിപ്പിച്ചത്.
ഏപ്രില്‍ 26 മുതല്‍ ഫോണ്‍ വില്പന തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. 1980ഡോളറാണ് ഫോണിന് വില. ഇത് ഇന്ത്യയില്‍ 140867 വരും. എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് എപ്പോഴാണ് ഫോണ്‍ അവതരിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഗാലക്സി ഫോള്‍ഡില്‍ 4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്ക്രീനുകളാണുള്ളത്. ആപ്പുകള്‍ തുറക്കുന്നത് ഉള്‍പ്പെടെ അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയുന്ന ചെറിയൊരു സ്ക്രീന്‍ ആണ് ഫോണിന് പുറത്തുള്ളത്. എന്നാല്‍ വീഡിയോ കാണാന്‍, ഇബുക്ക് വായിക്കാന്‍, ഡോക്യുമെന്റുകള്‍ പരിശോധിക്കാന്‍ പോലുള്ള ചില ആവശ്യങ്ങള്‍ക്ക് ഈ സ്ക്രീന്‍ പോരാതെ വരും. ഇത്തരം സാഹചര്യങ്ങളില്‍ ഗാലക്സി ഫോള്ഡിനുള്ളിലുള്ള വലിയ സ്ക്രീന്‍ ഉപയോഗിക്കാം.
ഫോള്‍ഡിന്റെ രണ്ട് സ്ക്രീനുകളും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ചെറിയ സ്ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു വീഡിയോ വലിയ സ്ക്രീന്‍ തുറക്കുന്നതോടെ കൂടുതല്‍ വലിപ്പത്തില്‍ ആ സ്ക്രീനിലേക്ക് മാറുന്നു. ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നു.
മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്. ആറ് ക്യാമറകളാണ് ഫോണിലുള്ളത്. ഫോണിന് പിന് ഭാഗത്തായി മൂന്ന് ക്യാമറകളും സെല്‍ഫിയ്ക്ക് വേണ്ടി ഫോണിന്റെ മടക്കിനുള്ളില് കണ്ട് ക്യാമറകളും. ചെറിയ സ്ക്രീനിന് മുകളിലൊയി ഒരു ക്യാമറയും ആണുള്ളത്.