ഒരു നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ യഥാര്‍ത്ഥമുഖങ്ങളെ വെല്ലുന്ന രീതിയില്‍ മനുഷ്യ മുഖങ്ങള്‍ നിര്‍മ്മിച്ചെടുത്തിരിക്കുകയാണ്. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ ഭീതിജനകമായ കരുത്ത് എത്രത്തോളമെന്ന് വിശദീകരിക്കുന്നതിനായി ഈ വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത് ഊബര്‍ സോഫ്റ്റ് വെയര്‍ വിദഗ്ദനായ ഫിലിപ് വാങ് ആണ്.
അദ്ദേഹത്തിന്റെ thispersondoesnotexist.com എന്ന വെബ്സൈറ്റില്‍ ഈ ചിത്രങ്ങള്‍ കാണാം. ഈ വെബ്സൈറ്റില്‍ കയറി പേജ് റിഫ്രഷ് ചെയ്താല്‍ ഒരോ മുഖങ്ങളായി കാണാന്‍ സാധിക്കും. പ്രായമുള്ളവര്‍, യുവാക്കള്‍, സ്ത്രീകള്‍, പുരുഷന്മാര്, കുട്ടികള്‍ ഉള്‍പ്പടെയുള്ള വ്യാജമുഖങ്ങള്‍ ഈ വെബ്സൈറ്റിന് നിര്‍മ്മിക്കാന്‍ കഴിയും.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അസംഖ്യം യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച അല്‍ഗൊരിതമാണ്. ശേഷം ജനറേറ്റീവ് അഡ്വേഴ്സറിയല്‍ നെറ്റ് (ജിഎഎന്‍) എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് പുതിയ മുഖങ്ങള്‍ നിര്‍മ്മിക്കുന്നു. അതില്‍ ഒരോ ചിത്രവും വ്യത്യസ്തവും സമാനതയില്ലാത്തവയുമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ജിഎഎന്‍ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടുന്നത് 2014 ലാണ്. ജനപ്രിയ ചിത്രങ്ങളും പെയിന്റിങ്ങുകളും പുനഃസൃഷ്ടിക്കുക, ചിത്രങ്ങളുടെ റസലൂഷന്‍ വര്‍ധിപ്പിക്കുക, ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിക്കുക, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളെ കളര്‍ ചിത്രങ്ങളാക്കുക തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ഈ സംവിധാനത്തിനുണ്ട്.