ഷവോമിയെ പിന്നിലാക്കി ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സാംസങ്. കൈവിട്ടു പോയ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് സാംസങ് അവതരിപ്പിക്കുന്ന പുതിയ മോഡലുകളാണ് ഗ്യാലക്സി എം10, എം20, എം30 എന്നിവ. ഇതില്‍ എം10, എം20 എന്നിവയുടെ വില വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്.
ഗ്യാലക്സി എം10ന് 7,990 രൂപയും എം20ക്ക് 10,990 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ എം30യുടെ വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നുമില്ല. ഈ മാസം 28നാണ് ഫോണ്‍ പുറത്തിറക്കുന്നത്. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ളതാണ് എം പരമ്പരയിലുള്ള മോഡലുകള്‍ ഇറങ്ങുന്നതെന്ന് കമ്പനി വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്ലൂ, ഡാര്‍ക് ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും. ഇന്‍ഫിനിറ്റി വി മോഡല്‍ നോച്ച് ഡിസ്പ്ലെയാണ് ഈ മോഡലുകളുടെ ആകര്‍ഷണം. ഫാസ്റ്റ് ചാര്‍ജിങും ബാറ്ററി ലൈഫുമാണ് മറ്റു പ്രത്യേകതകളെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എം20ക്ക് 5,000 എംഎഎച്ച് ബാറ്ററിയും എം10ന് 3,500 എംഎഎച്ച് ബാറ്ററിയുമാണ്.
എം20യുടെത് 6.13 ഇഞ്ചാണ് ഡിസ്പ്ലെ വലുപ്പം. 3ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് അടിസ്ഥാന മോഡല്‍. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അതേസമയം എം10ന് 6.5 ഇഞ്ചാണ് ഡിസ്പ്ലെ വലിപ്പം. മറ്റ് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ആമസോണിലൂടെയും സാംസങിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും ഫോണ്‍ സ്വന്തമാക്കാം.
samsung