അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സംവിധാനം ഇനി ഫെയ്സ്ബുക്ക് മെസഞ്ചറിലും. പുതിയ ‘അണ് സെന്റ്’ ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ് ഫെയ്സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. നിലവില്‍ വാട്സ്ആപ്പിലാണ് ഇതിന് സമാനമായി ഡിലീറ്റ് ഫോര്‍ എവരിവണ്‍ സംവിധാനമുള്ളത്.
മെസഞ്ചറില്‍ സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. വാട്സ്ആപ്പ് ഉപയോഗിച്ച് പരിചയമുള്ളവര്‍ക്ക് റിമൂവ് ഫോര്‍ എവരിവണ്‍ ഉപയോഗിക്കാന്‍ പ്രയാസമുണ്ടാവില്ല.
പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്. മെസഞ്ചറിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഇത് ലഭിക്കും. അധികം വൈകാതെ തുന്നെ ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ പറഞ്ഞു.