ഗൂഗിള്‍ ഡൂഡില്‍ ലോകത്തെ ആദ്യ വനിതാ എന്‍ജിനീയര്‍ എലിസ ലിയോനിഡ സംഫെറിസ്കുവിന്റെ നൂറ്റിമുപ്പത്തിയൊന്നാമത് ജന്മദിനം ആഘോഷിച്ചു. എലിസ റോമാനിയന്‍ എന്‍ജിനീയേഴ്സ് അസോസിയേഷനിലെയും റോമാനിയയിലെ റാന്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറീസിലേയും ആദ്യത്തെ വനിതാ അംഗമാണ്.
എലിസ ജനിച്ചത് റൊമാനിയന്‍ പോര്‍ട്ട് സിറ്റിയിലെ ഗലാട്ടിയിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എന്‍ജിനീയറിങ് പഠനത്തിനായി സമര്‍പ്പിച്ച അപേക്ഷ അക്കാലത്ത് വനിതാ എന്ജിനീയര്മാരെന്ന കേട്ടുകേള്‍വി പോലുമില്ലാതിരുന്നതിനാല്‍ തള്ളിക്കളയുകയായിരുന്നു.
പിന്നീട് ജര്‍മിനിയിലെ റോയല്‍ ടെക്നിക്കല്‍ അക്കാദമിയിലേക്ക് അപേക്ഷിക്കുകയും 1909 ല്‍ എന്‍ജിനീയറിങ് പഠനം ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ അക്കാദമിക് ഡീനടക്കമുള്ളവര് അവളോട് കുട്ടികളേ നോക്കി പാചകം ചെയ്ത് ഇരിക്കുന്നതാണ് നല്ലതെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരുന്നത്. എന്‍ജിനീയറിങ് പഠനകാലത്ത് കടുത്ത വിവേചനങ്ങളായിരുന്നു എലിസക്ക് നേരിടേണ്ടി വന്നത്.
പിന്നീട് 1912 ല്‍ റൊമാനിയന്‍ ദിനപ്പത്രമായ മിനേര്‍വ എലിസയുടെ എന്‍ജിനീയറിംഗ് ബിരുദത്തെയും നേരിട്ട വിവേചനങ്ങളേയും ഫീച്ചറാക്കി അവതരിപ്പിച്ചിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം റൊമാനിയയിലെ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റായി പ്രവര്‍ത്തനമാരംഭിച്ച എലിസ ഗവേഷണത്തില്‍ മാത്രം ഉറച്ച് നില്‍ക്കാതെ ഫിസിക്സ്, കെമിസ്ട്രി അധ്യാപികയായും സേവനമനുഷ്ഠിച്ചിരുന്നു.